ഒരുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു, വീണ്ടെടുത്ത് പൊലീസ്

മഹബൂബ്‌നഗർ: തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയിൽ ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കുട്ടിയെ വാങ്ങിയ ആൾക്കും ഇടനിലക്കാരനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജില്ലയിലെ തെലുഗുഗൂഡെം ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. സംയോജിത ശിശുവികസന പദ്ധതി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 17-നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിത്യവൃത്തിക്ക് വകയില്ലാത്ത ദരിദ്രരും കൂലിത്തൊഴിലാളികളമായി ഗ്രാമീണര്‍ താമസിക്കുന്ന പ്രദേശമാണ്.
മഹബൂബ്‌നഗർ ടൗണിൽ തന്നെയുള്ള ആളുടെ അടുക്കൽ നിന്നാണ് പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുത്തത്. തുടർന്ന് സുരക്ഷിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ജൂൺമാസത്തിലാണ് കൂലിത്തൊഴിലാളി കുടുംബത്തിൽ കുഞ്ഞ് പിറന്നത്. ഈ ദമ്പതികൾക്ക് നിലവിൽ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.
കൃഷ്ണ, തുംഗഭദ്ര നദികൾ സമീപത്തുകൂടി ഒഴുകുന്നുണ്ടെങ്കിലും, കൃത്യമായ ജലസേചന സൗകര്യങ്ങളുടെ അഭാവവും മഴയുടെ കുറവും മൂലം പതിറ്റാണ്ടുകളായി കടുത്ത വരൾച്ച നേരിടുന്ന പ്രദേശമാണ്. പട്ടിണി മരണങ്ങളും കഞ്ഞിപ്പുരകളും ഈ പ്രദേശത്തിന്റെ പഴയകാല യാഥാർത്ഥ്യമായിരുന്നു. വികസന കാര്യത്തിലും സാമൂഹിക മുന്നേറ്റങ്ങളിലും അവഗണിക്കപ്പെട്ടിരുന്ന പ്രദേശവുമാണ്.










0 comments