ad
Deshabhimani

'അയോധ്യ ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം'; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

john brittas mp
വെബ് ഡെസ്ക്

Published on Jul 05, 2026, 03:44 PM | 2 min read

ന്യൂഡൽഹി : അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണകാര്യങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. സ്വയംഭരണാധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ വാദിച്ചത് കൊണ്ട് മാത്രം രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിൽ നിന്ന് മാറ്റി നിർത്താനാകില്ലെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.


ക്ഷേത്ര ട്രസ്റ്റ് പൊതു അതോറിറ്റി അല്ലെന്ന മുൻ നിലപാട് സർക്കാർ പുനപരിശോധിക്കണമെന്നും കേന്ദ്രം നേരിട്ടാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും അതിനാൽ ആർടിഐ നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നും കത്തിൽ അദ്ദേഹം പറയുന്നു. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രിക്കയച്ച കത്ത് അദ്ദേഹം പങ്കുവെച്ചത്.


'സർക്കാർ അം​ഗീകൃത ചട്ടക്കൂടിലൂടെയാണ് ട്രസ്റ്റ് രൂപീകരിച്ചത്. പൊതുജനവിശ്വാസത്തിന് പ്രധാന്യം നൽകുന്ന ട്രസ്റ്റുകൾ സുതാര്യതയിലും ഉത്തരവാദിത്വത്തിലും അതിന്റെ നിലവാരം പാലിക്കേണ്ടതുണ്ട്. ട്രസ്റ്റ് ഒരു പൊതു അതോറിറ്റി അല്ലെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2025 ജൂൺ 6 ലെ ഉത്തരവ് കേന്ദ്രം പുനഃപരിശോധിക്കണം. ഒരു വിവരാവകാശ അപേക്ഷയ്ക്ക് അപ്പുറത്തേക്ക് അയോധ്യ ക്ഷേത്ര തട്ടിപ്പ് വ്യാപിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി പ്രകാരം സർക്കാർ അംഗീകൃത പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ട്രസ്റ്റിനെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിൽ ഉൾപ്പെടുത്തുന്നില്ലായെന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്', ജോൺ ബ്രിട്ടാസ് കത്തിൽ വ്യക്തമാക്കി.



അയോധ്യ ഭൂമി തർക്കവും 2019 നവംബർ 9 ലെ സുപ്രീം കോടതി വിധിയും ട്രസ്റ്റിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജോൺ ബ്രിട്ടാസ് പറയുന്നു. 'ട്രസ്റ്റിന്റെ പ്രാരംഭ ഘടനയും ചട്ടക്കൂടും സർക്കാരാണ് നിർണയിച്ചിരുന്നത്. ട്രസ്റ്റിലെ 15 അംഗങ്ങളിൽ 12 പേരെ തുടക്കത്തിൽ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുകയും മൂന്ന് പേരെ ആദ്യ യോഗത്തിൽ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു'.


സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ളതായതിനാൽ ട്രസ്റ്റ് ഒരു സർക്കാർ വിജ്ഞാപനത്തിലൂടെ സ്ഥാപിതമായതാണെന്ന് അം​ഗീകരിക്കാൻ കഴിയില്ലെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നി​ഗമനത്തെയും ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്തു. 'സെക്ഷൻ 2(h)(d) എന്നത് സൂചിപ്പിക്കുന്നത് സർക്കാർ വിജ്ഞാപനം വഴി സ്ഥാപിതമായ ഒരു സ്ഥാപനത്തെയാണ്. അങ്ങനെവരുമ്പോൾ ജുഡീഷ്യൽ നിർദ്ദേശപ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനവും സർക്കാർ സ്വതന്ത്രമായി പുറപ്പെടുവിച്ച വിജ്ഞാപനവും തമ്മിൽ വ്യത്യാസമില്ല'.


ഉത്തർപ്രദേശ് സർക്കാരിന്റെയും അയോധ്യ ജില്ലാ മജിസ്‌ട്രേറ്റിന്റെയും നോമിനികൾ ഉൾപ്പെടെ ട്രസ്റ്റിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ബ്രിട്ടാസ് എടുത്തുപറഞ്ഞു. 'ട്രസ്റ്റിലെ കേന്ദ്രത്തിന്റെ നിലവിലെ പ്രതിനിധി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു അഡീഷണൽ സെക്രട്ടറിയാണ്. ട്രസ്റ്റ് പൂർണ്ണമായും പൊതു അതോറിറ്റിക്ക് പുറത്തുള്ളതാണെങ്കിൽ അതിന്റെ ഭരണ ഘടനയിൽ തുടർച്ചയായ സർക്കാർ പ്രാതിനിധ്യം ഉണ്ടായതെന്ത് കൊണ്ടാണ്?. അതിനാൽ ഭരണകാര്യങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിൽ നിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന്' ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home