ad
Deshabhimani

രാജസ്ഥാൻ അതിര്‍ത്തിയിൽ കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് 12 പള്ളികൾ പൊളിച്ചു; പ്രതിഷേധത്തിൽ ഒരുമിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങൾ

mosque

രാജസ്ഥാൻ അതിർത്തിയിൽ പൊളിച്ചുനീക്കപ്പെട്ട പള്ളികൾ |Photo: Newageislam.com

വെബ് ഡെസ്ക്

Published on Jul 05, 2026, 04:32 PM | 2 min read

ജയ്പൂർ : മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കുന്ന കാലഘട്ടത്തിൽ, രാജസ്ഥാൻ അതിർത്തിയിൽ നിന്ന് വരുന്നത് വേറിട്ടൊരു സൗഹാർദ്ദത്തിന്റെ കാഴ്ച. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന ബാർമർ, ബിക്കാനീർ ജില്ലകളിൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പിന്നാലെ അനധികൃതമെന്ന് ആരോപിച്ച് പള്ളികൾ പൊളിച്ചുനീക്കിയപ്പോൾ, നീതിക്കായി കൈകോർത്ത് ഒന്നിച്ച് അണിനിരന്നിരിക്കുകയാണ് പ്രദേശത്തെ ഹൈന്ദവ-മുസ്ലിം വിഭാഗങ്ങൾ. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കത്തിനെതിരെ വിശ്വാസങ്ങളുടെ അതിർവരമ്പുകൾ മായ്ച്ചുകൊണ്ട് ഗ്രാമവാസികൾ ഒന്നടങ്കം പ്രതിരോധം തീർക്കുകയാണ്.


സർവ ധർമ്മ ശാന്തി സഭയുടെ ആഭിമുഖ്യത്തിൽ ഹിന്ദു-മുസ്ലിം സമുദായങ്ങൾ ഒന്നിച്ച് പ്രദേശത്ത് ശക്തമായ പ്രതിഷേധ മാർച്ചുകൾ നടത്തി. ഇതിന് പിന്നാലെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതും ഒരുമിച്ചാണ്. പള്ളികൾ തകർത്തതിൽ പ്രതിഷേധിച്ച് മുസ്ലിം സമുദായക്കാർ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് നിർത്തിയപ്പോൾ, അവർക്ക് ഭക്ഷണം എത്തിച്ചുനൽകി ഹിന്ദു സമുദായത്തിൽപ്പെട്ടവർ സജീവമായി. ഒരുമിച്ച് ജീവിക്കുന്ന തങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ആർക്കും കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ അതിർത്തി ഗ്രാമങ്ങൾ നൽകുന്നത്.


ജൂൺ 18നും 20നും ഇടയിൽ അന്താരാഷ്ട്ര അതിർത്തിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ ഗ്രാമങ്ങളിലായി പന്ത്രണ്ടോളം പള്ളികളാണ് അധികൃതർ പൊളിച്ചുനീക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. നിയമാനുസൃതമായ യാതൊരു നടപടികളും പാലിക്കാതെയാണ് പള്ളികൾ തകർത്തതെന്ന് പ്രദേശവാസികൾ ചൂണ്ടികാട്ടി.


അതിർത്തി പ്രദേശങ്ങളിലെ അനധികൃത നിർമിതികൾക്കെതിരെ സീറോ ടോളറൻസ് നയം നടപ്പിലാക്കാൻ മെയ് 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ മറവിലാണ് വർഷങ്ങളായി പ്രദേശവാസികൾ പ്രാർഥനയ്ക്ക് ഉപയോഗിച്ചിരുന്ന പള്ളികൾ തകർത്തത്. പൊളിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് നോട്ടീസ് ലഭിച്ചതെന്നും മറുപടി നൽകാൻ പോലും സമയം അനുവദിച്ചില്ലെന്നും ഗ്രാമവാസികൾ പറയുന്നു.


ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചാണ് സർക്കാർ നടപടിയെന്നും കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണെങ്കിൽ എല്ലാ അനധികൃത നിർമി തികൾക്കെതിരെയും വിവേചനമില്ലാതെ നടപടി എടുക്കണമെന്നുമാണ് ഹിന്ദു സമുദായ നേതാക്കളും ഗ്രാമത്തലവന്മാരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. സ്വാഭാവിക നീതിയുടെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ രാജസ് ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.


ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും അതിർത്തി പ്രദേശങ്ങളിലെ നിർമാണങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ന്യായീകരണം. കേസ് ജൂലൈ 7ന് കോടതി പരിഗണിക്കും. സംഭവത്തിൽ പ്രതികരിക്കാൻ സംസ്ഥാന ഭരണകൂടമോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home