ad
Deshabhimani

ബുർജ് ഖലീഫ - ദുബായ് മാൾ മെട്രോ സ്റ്റേഷനിലേക്കുള്ള റോഡ് അടച്ചു

rta dubai
വെബ് ഡെസ്ക്

Published on Jul 05, 2026, 04:31 PM | 1 min read

ദുബായ്: ബുർജ് ഖലീഫ/ദുബായ് മാൾ മെട്രോ സ്റ്റേഷനിലേക്കുള്ള ബസ്, ടാക്സി സർവീസ് റോഡ് 2026 അവസാനം വരെ താൽക്കാലികമായി അടച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സ്റ്റേഷന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ഈ മെട്രോ സ്റ്റേഷൻ ഡൗൺടൗൺ ദുബായ്, ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പ്രവേശനകേന്ദ്രമാണ്. സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായാണ് സർവീസ് റോഡ് താൽക്കാലികമായി അടച്ചതെന്ന് ആർടിഎ വ്യക്തമാക്കി.


യാത്രക്കാർക്ക് പരമാവധി സൗകര്യം ഉറപ്പാക്കുന്നതിനായി സമഗ്രമായ ഗതാഗത നിയന്ത്രണ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും പൊതുഗതാഗത സേവനങ്ങൾ സുരക്ഷിതമായും തടസ്സങ്ങൾ പരമാവധി കുറച്ചും ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചനാ ബോർഡുകൾ പാലിക്കണമെന്നും നിശ്ചയിച്ചിരിക്കുന്ന വേഗപരിധി കർശനമായി അനുസരിക്കണമെന്നും ആർടിഎ യാത്രക്കാരോട് അഭ്യർഥിച്ചു. കൂടുതൽ യാത്രാസമയം ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്നും നിർദേശമുണ്ട്.


ബദൽ പാർക്കിങ് സൗകര്യങ്ങളും ആർടിഎ ഒരുക്കിയിട്ടുണ്ട്. അടച്ചിട്ടിരിക്കുന്ന സർവീസ് റോഡിലൂടെ നിർമാണവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ദുബായ് മെട്രോയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ബുർജ് ഖലീഫ/ദുബായ് മാൾ സ്റ്റേഷന്റെ വിപുലീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 65 ശതമാനം വർധിക്കും. മണിക്കൂറിൽ 7,250 പേരിൽ നിന്ന് 12,320 പേരിലേക്കും പ്രതിദിന ശേഷി 2.2 ലക്ഷം യാത്രക്കാരിലേക്കും ഉയരുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. പുതുവത്സരാഘോഷം, പൊതു അവധികൾ തുടങ്ങിയ തിരക്കേറിയ ദിവസങ്ങളിലെ യാത്രാ തിരക്ക് ഇതോടെ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home