മിസൈൽ ഭാഗം പതിച്ച് പരിക്കേറ്റ യുപി സ്വദേശി നാട്ടിലേക്ക് മടങ്ങി

റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങി. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മടക്കയാത്ര. ചികിത്സാകാലം മുഴുവൻ റിയാദിലെ ഇന്ത്യൻ എംബസി കോൺസുലർ സഹായങ്ങളും മറ്റ് ആവശ്യമായ ഇടപെടലുകളും ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
മാർച്ച് എട്ടിന് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുനശിപ്പിക്കുന്നതിനിടെയാണ് അൽ ഖർജ് മേഖലയിൽ അവശിഷ്ടങ്ങൾ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
സംഭവം നടന്ന ഉടൻ ഇന്ത്യൻ എംബസിയിലെ കോൺസുലർ സാബിർ, അൽ ഖർജിലെ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരുമാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്. അന്നത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്ഖാൻ ആശുപത്രിയിലെത്തി അസമിനെ സന്ദർശിക്കുകയും എംബസിയുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ റിയാദ് വിമാനത്താവളത്തിലെത്തി അസമിനെ യാത്രയയച്ചു.











0 comments