print edition അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: ആർഎസ്‌എസ് നേതാവിനെ രക്ഷിക്കാൻ നീക്കം

എം പ്രശാന്ത്
Published on Jun 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ വിശ്വാസികൾ സംഭാവനയായി നൽകിയ കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയതിൽ മുഖ്യ ഉത്തരവാദിയായ മുതിർന്ന ആർഎസ്‌എസ് നേതാവ് ചമ്പത് റായിയെ സംരക്ഷിക്കാൻ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നീക്കങ്ങൾ സജീവമാക്കി. പ്രതിപട്ടികയിൽനിന്ന് ചമ്പത് റായ് അടക്കമുള്ള ആർഎസ്‌എസ്, സംഘപരിവാർ നേതാക്കളെ ഏതുവിധേനയും രക്ഷിച്ചെടുക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥ് ശ്രമിക്കുന്നത്. ചമ്പത് റായിയെയും മറ്റും സംരക്ഷിച്ചുള്ള പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ അന്വേഷണ സംഘത്തിന് മേൽ സമ്മർദം ശക്തം.
പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാൻ അന്വേഷണസംഘം ഞായറാഴ്‌ച ലഖ്‌നൗവിൽ എത്തിയെങ്കിലും ആദിത്യനാഥ് കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന്റെയും മറ്റും തിരക്കുകൾ പറഞ്ഞാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. എന്നാൽ അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെയും മറ്റും ഒഴിവാക്കുന്നതിനുള്ള സമ്മർദതന്ത്രങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നീക്കം.
കാണിക്ക എണ്ണലടക്കം രാമക്ഷേത്രത്തിന്റെ നടത്തിപ്പ് പൂർണമായും നിയന്ത്രിക്കുന്നത് മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ചമ്പത് റായ്, ഡോ. അനിൽ മിശ്ര, ഡോ. കൃഷ്‌ണ ഗോപാൽ, ക്ഷേത്രം മാനേജർ ഗോപാൽ റാവു എന്നിവരാണ്. പൂർണസമയ ആർഎസ്‌എസ് പ്രചാരകനായ ചമ്പത് റായ് അയോധ്യയിലെ ബാബറിപ്പള്ളി പൊളിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളാണ്.
വിഎച്ച്‌പി നേതാവെന്ന നിലയിലാണ് പള്ളിപൊളിക്കൽ പ്രസ്ഥാനത്തിന്റെ നേതൃപദവിയിൽ എത്തിയത്. ബാബറി മസ്‌ജിദ് പൊളിച്ചതിന് ശേഷം താൽകാലിക രാമക്ഷേത്രത്തിന്റെയും പുതിയ രാമക്ഷേത്രത്തിന്റെയും മേൽനോട്ട ചുമതല പൂർണമായും വിഎച്ച്പി വൈസ്‌പ്രസിഡന്റ് കൂടിയായ ചമ്പത് റായിക്കായിരുന്നു. കാണിക്ക എണ്ണൽ, ജീവനക്കാരെ നിയമിക്കൽ, നിർമ്മാണ മേൽനോട്ടം എന്നിവയെല്ലാം നിയന്ത്രിച്ചത് ചമ്പത് റായിയും അയാളുടെ വിശ്വസ്‌തനായ സഹായി രാംശങ്കർ യാദവ് എന്ന ടിന്നു, അനന്തിരവൻ ചന്ദൻ റായ് തുടങ്ങിയവരാണ്. ചമ്പത് റായ് അറിയാതെ നയാപൈസ അയോധ്യയിൽനിന്ന് കടത്താനാവില്ലെന്ന് വ്യക്തമാണ്. എന്നിട്ടും മുതിർന്ന ആർഎസ്‌എസ് നേതാവെന്ന നിലയിൽ സംരക്ഷണമൊരുക്കാനാണ് നീക്കം.
സ്വതന്ത്ര അന്വേഷണം: ഹർജി തള്ളി
ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിൽ അടിയന്തരമായി സ്വതന്ത്ര അന്വേഷണവും സിഎജി ഓഡിറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവധിക്കാല ബെഞ്ച് ഹർജി തള്ളിയത്.











0 comments