print edition അയോധ്യ രാമക്ഷേത്രക്കൊള്ള: ആർഎസ്‌എസ് നേതാക്കള്‍ക്ക് എതിരെ കൂടുതല്‍ തെളിവ്

എം പ്രശാന്ത്
Published on Jul 01, 2026, 01:59 AM | 1 min read
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ക്ഷേത്രം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കും ട്രസ്‌റ്റ് അംഗം അനിൽ മിശ്രയ്‌ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍. തിങ്കളാഴ്‌ച ചമ്പത് റായിയെ മണിക്കൂറുകളോളം ചോദ്യംചെയ്‌ത അയോധ്യ പൊലീസ് വരും ദിവസങ്ങളിൽ അനിൽ മിശ്രയേയും ചോദ്യംചെയ്യും. ട്രസ്‌റ്റിലെ ക്ഷണിതാവും കർണാടകയിൽ നിന്നുള്ള ആർഎസ്‌എസ് നേതാവുമായ ഗോപാൽ റാവുവും ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിലുണ്ട്.
ഇവർ മൂന്നുപേരാണ് ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനം നിയന്ത്രിച്ചത്. ക്ഷേത്രകൊള്ളയിൽ ചമ്പത് റായ് അടക്കമുള്ള ആർഎസ്‌എസ് ഉന്നതര്‍ അറസ്‌റ്റിലാകുന്നത് സംഘടനയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് മോഹൻ ഭാഗവത് അടക്കമുള്ളവരുടെ വിലയിരുത്തൽ. ചമ്പത് റായിയോടും അനിൽ മിശ്രയോടും യോജിപ്പില്ലാത്ത യോഗി ആദിത്യനാഥിന് ഇവരുടെ പങ്കാളിത്തം പുറത്തു കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ട്. രാമക്ഷേത്ര ട്രസ്‌റ്റില്‍ ഗോരഖ്‌നാഥ് മഠത്തിന് പ്രാതിനിധ്യം നൽകിയിരുന്നില്ല.
യുപി സർക്കാരിനെ പൂർണമായും അകറ്റി പ്രധാനമന്ത്രി കാര്യാലയവും ആർഎസ്‌എസുമാണ് ട്രസ്‌റ്റ് അംഗങ്ങളെ തീരുമാനിച്ചത്. ചമ്പത് റായ് അടക്കമുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന സാഹചര്യത്തിലും പ്രധാനമന്ത്രിയും ആർഎസ്‌എസ് തലവനും മൗനം തുടരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെയും ബാങ്ക് ഇടപാടുകൾ യുപി പൊലീസ് പരിശോധിച്ചു. ഏഴു ബാങ്കുകളിലായാണ് പരിശോധന. കേസിൽ പ്രതിയായ അശുതോഷ് തിവാരിയെ ജയിലിലെത്തി ചോദ്യംചെയ്‌തു.
മോദി സർക്കാരിന്റെ അഴിമതി പുറത്ത്: സിപിഐ എം
അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തട്ടിപ്പാണെന്ന് തെളിഞ്ഞുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. സംഘപരിവാറും കൂട്ടാളികളും സമസ്‌ത മേഖലകളിലും അഴിമതി വ്യാപിപ്പിക്കുകയാണ്. അയോധ്യയിൽ ബാബ്‌റിമസ്‌ജിദ് പൊളിച്ച് നിർമിച്ച രാമക്ഷേത്രത്തിലും വലിയ തട്ടിപ്പ് നടന്നു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരാണ് ക്ഷേത്രസ്വത്ത് അപഹരിച്ചത്. സംഘപരിവാറിന്റെ യഥാർഥ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കേന്ദ്ര കൃഷിസഹമന്ത്രി സർക്കാർ സബ്‌സിഡി അടിച്ചെടുത്തതായും മാധ്യമ റിപ്പോർട്ടുണ്ട്. വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം. ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന് വീന്പിളക്കിയ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് അഴിമതിയ്‌ക്കെതിരെയും മന്ത്രിസഭയിലെ ആരോപണവിധേയർക്കെതിരെയും കർശന നടപടികളിലേക്ക് നീങ്ങണമെന്നും പിബി ആവശ്യപ്പെട്ടു.











0 comments