print edition അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്; ഉത്തരമില്ലാതെ ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടികളുടെ സംഭാവനാവെട്ടിപ്പ് ബിജെപിക്കും യോഗി ആദിത്യനാഥ് സർക്കാരിനും തിരിച്ചടിയാകുന്നു.
തീവ്രഹിന്ദുത്വ പ്രചാരണത്തിലൂടെ അധികാരം നിലനിർത്താമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അയോധ്യയിലെ കോടികളുടെ വെട്ടിപ്പ് പുറത്തായതോടെ സാധാരണക്കാരായ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകുമെന്ന ആശങ്കയിലാണ് ബിജെപി.
കാണിക്ക അർപ്പിച്ച പണവും ആഭരണങ്ങളും തട്ടിയെടുത്തതായി സംഘപരിവാർ കേന്ദ്രങ്ങൾ തന്നെയാണ് ആരോപണമുന്നയിക്കുന്നത്. വെട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് ബാബ്‌റി മസ്‌ജിദ് തകർത്ത ഗൂഢാലോചന കേസിലെ പ്രതിയായിരുന്ന ആർഎസ്‌എസ് നേതാവ് തന്നെയാണ് പൊലീസിനെയും കോടതിയെയും സമീപിച്ചത്.
ക്ഷേത്രം ട്രസ്റ്റിന്റെ ഭാരവാഹികൾക്ക് വരെ വെട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപിക്കുന്നു. സംഘപരിവാറിന്റെ വളർച്ചയ്‌ക്കും ബിജെപിയെ അധികാരത്തിലെത്തിച്ചതിനും ‘രാമജന്മഭൂമി’ പ്രക്ഷോഭത്തിന് വലിയ പങ്കുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്രമി ശ്രയാണ് അയോധ്യയിലെ ക്ഷേത്രനിർമാണത്തിന് ചുക്കാൻ പിടിച്ചത്.
ഇപ്പോഴും ക്ഷേത്രത്തിലെ സാന്നിധ്യമായ മിശ്ര ഫണ്ട് വെട്ടിപ്പ് വിവാദമുണ്ടായതിന് പിന്നാലെ ട്രസ്റ്റ് അംഗങ്ങളുമായി മണിക്കൂറുകൾ നീണ്ട രഹസ്യചർച്ച നടത്തി. ഫണ്ട് വെട്ടിപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചു. ബിജെപി സംസ്ഥാന, ദേശീയ നേതൃത്വങ്ങളും ആദിത്യനാഥ് സർക്കാരും ഉൾപ്പടെയുള്ള അധികാരകേന്ദ്രങ്ങൾ വിവാദങ്ങളിൽ ഏറെ അസ്വസ്ഥരാണ്.
സമാജ്‌വാദി പാർടി അയോധ്യ ഫണ്ട് വെട്ടിപ്പ് പ്രചാരണവിഷയമാക്കി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. സർക്കാർ സഹായത്തോടെയാണ് വെട്ടിപ്പ് നടന്നതെന്നും ക്ഷേത്രം കേന്ദ്രീകരിച്ച് അരങ്ങേറുന്ന നിരവധി തട്ടിപ്പുകളിലൊന്ന് മാത്രമാണിതെന്നും എസ്‌പി നേതാക്കൾ പ്രതികരിച്ചു.










0 comments