ad
Deshabhimani

print edition അയോധ്യ ക്ഷേത്രക്കൊള്ള: പ്രാണപ്രതിഷ്‌ഠയിലും വെട്ടിപ്പ്

AYODHYA TEMPLE.
avatar
സ്വന്തം ലേഖകൻ

Published on Jul 08, 2026, 12:16 AM | 1 min read

ന്യൂഡൽഹി: ​അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയ്‌ക്കും ഭൂമികുംഭകോണത്തിനും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്ഷേത്രോദ്ഘാടനം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളിലെ പണമിടപാടിലും ദുരൂഹത. പ്രാണപ്രതിഷ്‌ഠയുടെ ഭാഗമായി രാമക്ഷേത്ര ട്രസ്റ്റ് 124 കോടിരൂപ ചെലവിട്ടതിലും പ്രത്യേകാന്വേഷണ സംഘം അന്വേഷണം തുടങ്ങി. 2025ലെ മഹാകുംഭമേള,‍ 2025 നവംബറിൽ പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുത്ത ധ്വജാരോഹണം എന്നിവയിലെ ധനവിനിയോഗവും അന്വേഷിക്കും.


രാമക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ രണ്ട്‌ വർഷത്തെ കണക്ക് എസ്‌ഐടി ശേഖരിച്ചു. ചാർട്ടേഡ്‌ അക്ക‍ൗണ്ടന്റ്‌ റിപ്പോർട്ട്‌, വ‍ൗച്ചർ, ബിൽ, സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ പരിശോധിച്ചുവരുന്നു. 2024 ജനുവരി 22ലെ രാമക്ഷേത്ര ഉദ്‌ഘാടനച്ചടങ്ങുകൾക്ക്‌ മാത്രം 113 കോടി ട്രസ്റ്റ്‌ ചെലവാക്കി. ഷെഡ്ഡുകളും ടെന്റുകളും കെട്ടാന്‍ 35.97 കോടി, അക്ഷതപൂജാ പ്രചാരണത്തിന് 30.85 കോടി, പരസ്യത്തിന് 21.77 കോടി, ആഡംബര–ലൈറ്റ്‌ ക്രമീകരണത്തിന് 14.62 കോടി എന്നിങ്ങനെയാണ്‌ കണക്ക്‌. 2025 ജനുവരി 11 മുതൽ 13 വരെ ആദ്യ പ്രതിഷ്‌ഠാ ദ്വാദശി ആഘോഷ ചെലവുകളും അന്വേഷിക്കും. ആഡംബരങ്ങൾക്ക് 52 ലക്ഷമുൾപ്പെടെ ആകെ 83 ലക്ഷമാണ്‌ ചെലവാക്കിയത്. 2025 നവംബറിൽ ക്ഷേത്രത്തിലെ ധ്വജാരോഹണത്തിനുമാത്രം 10.12 കോടി ചെലവാക്കി.


സംഭാവന ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കെടുപ്പും പുരോഗമിക്കുന്നു. 2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെ 2.3 കിലോ സ്വർണവും 83.3 കിലോ വെള്ളിയും ലഭിച്ചെന്നാണ്‌ ഒ‍ൗദ്യോഗിക കണക്ക്‌. മഹാകുംഭമേളയിൽ 1.5 കിലോ സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചു. സ്റ്റോക്കും കണക്കും എസ്‌ഐടി ഒത്തുനോക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home