print edition പ്രമുഖരെ ഒഴിവാക്കി ‘തട്ടിക്കൂട്ട് കേസ്’

എം പ്രശാന്ത്
Published on Jun 26, 2026, 12:00 AM | 1 min read
ന്യൂഡൽഹി : ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള അയോധ്യ രാമക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ കോടിക്കണക്കിന് രൂപയുടെ സംഭാവനയും കാണിക്കയും വെട്ടിച്ച സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ ഗത്യന്തരമില്ലാതെ കേസെടുത്ത് യുപി പൊലീസ്. മുതിർന്ന ആർഎസ്‌എസ് നേതാവും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയാണ് ‘തട്ടിക്കൂട്ട് കേസ്’.
ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ രാംശങ്കർ യാദവ് എന്ന ടിന്നു, ട്രസ്റ്റ് അംഗവും മുതിർന്ന ആർഎസ്‌എസ് നേതാവുമായ അനിൽ മിശ്രയുടെ ബന്ധുക്കളായ അനുകൽപ് മിശ്ര, ലവ്‌കുശ് മിശ്ര, അവിനാശ് ശുക്ല, മനീഷ് യാദവ്, രാംശങ്കർ മിശ്ര, സുഭാഷ്‌ചന്ദ്ര, കരുണേഷ് പാണ്ഡെ എന്നീ എട്ടുപേരാണ് പ്രതിപ്പട്ടികയിൽ.
കാണിക്കയും മറ്റും എണ്ണിത്തിട്ടപ്പെടുന്ന ഉത്തരവാദിത്തമാണ് ടിന്നുവും അനുകൽപ് മിശ്രയും ലവ്‌കുശ് മിശ്രയും നിർവഹിച്ചിരുന്നത്. മോഷണം, ക്രിമിനൽ വിശ്വാസലംഘനം, മോഷണമുതൽ സ്ഥിരമായി വാങ്ങുന്നതും കൈകാര്യംചെയ്യുന്നതും, മോഷണമുതൽ ഒളിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, സംഘംചേർന്നുള്ള ക്രിമിനൽ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് ചേർത്തത്.
പ്രതികളെല്ലാം ക്ഷേത്രം ജീവനക്കാരും ആർഎസ്‌എസ്–സംഘപരിവാർ പ്രവർത്തകരുമാണ്. സാധാരണ ജീവനക്കാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയുള്ള ചമ്പത് റായ് അടക്കമുള്ള ട്രസ്റ്റ് ഭാരവാഹികളെ ഒഴിവാക്കി. ചമ്പത് റായിയും അനിൽ മിശ്രയും അറിയാതെ വിശ്വസ്തരും ബന്ധുക്കളും കൊള്ള നടത്തുമോയെന്ന ചോദ്യമാണുയരുന്നത്.
ക്ഷേത്രംകൊള്ളയിൽ എത്രയും വേഗം കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. സമയബന്ധിതമായ അന്വേഷണമുണ്ടാകണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കേസ് പരിഗണിക്കാൻ അതിവേഗ കോടതി രൂപീകരിക്കണമെന്നും പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു. ആർഎസ്‌എസ് മൗനം തുടരുകയാണ്.
ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ കേസെടുത്തുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സിബിഐ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകണമെന്ന ആവശ്യവും ഹർജിക്കാർ മുന്നോട്ടുവച്ചു. ക്ഷേത്രം ട്രസ്റ്റിന്റെ സാമ്പത്തികവും ഭരണപരവുമായ ഇടപെടലുകളെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം.











0 comments