ad
Deshabhimani

print edition അയോദ്ധ്യാവാസികളെ കുടിയിറക്കി

Ayodhya.jpg

അദാനി ഗ്രൂപ്പിന് വിറ്റ സരയൂ തീരമേഖലയായ മജ്‌ഹാ ജംതാരയില്‍ അയോധ്യ വികസന 
അതോറിറ്റി സ്ഥാപിച്ച ബോര്‍ഡ്

വെബ് ഡെസ്ക്

Published on Jul 20, 2026, 12:00 AM | 3 min read

സംഘപരിവാറുകാരുടെ ഭൂമി കുംഭകോണത്തിൽ അയോധ്യവാസികൾക്ക്‌ സർവവും ത്യജിക്കേണ്ടിവന്നു. തലമുറകളായി ജീവിച്ചുവന്ന മണ്ണ്‌ കൈവിട്ടുപോകുമ്പോൾ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. സഹസ്രകോടിയുടെ കാണിക്കക്കൊള്ളയ്‌ക്ക്‌ പുറമേയാണ്‌ ദുരൂഹ ഭൂമി ഇടപാടുകളും കുടിയൊഴിപ്പിക്കലും രാമക്ഷേത്രത്തിന്റെ പേരിൽ നടന്നത്‌.​

ക്ഷേത്രനിർമാണം തുടങ്ങിയതോടെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭൂമി വ്യാപകമായി ഏറ്റെടുക്കാൻ തുടങ്ങി.


അനുബന്ധ നിർമാണപ്രവർത്തനങ്ങൾക്ക്‌ ധാരാളം ഭൂമി ആവശ്യമുണ്ടെന്നായിരുന്നു വിശദീകരണം. സമാന്തരമായി ബിജെപി നേതാക്കളും ജനപ്രതിനിധികളും സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടി. ഇതോടെ, അയോധ്യ അനധികൃതവും ദുരൂഹവുമായ ഭൂമി ഇടപാടുകളുടെ പറുദീസയായി. 15 കിലോമീറ്റർ പരിധിയിലെ 25 ഗ്രാമത്തിൽ ഭൂമി ഇടപാടുകൾ പലമടങ്ങ്‌ വർധിച്ചു. രാഷ്ട്രീയനേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടിയെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ടർ ശ്യാംലാൽ യാദവ്‌ ചൂണ്ടിക്കാട്ടി.​


ബിജെപി നേതാവും അരുണാചൽപ്രദേശ്‌ ഉപമുഖ്യമന്ത്രിയുമായ ച‍ൗനാമെയ്‌നിന്റെ മക്കൾ രാമക്ഷേത്രത്തിന്‌ എട്ട്‌ കിലോമീറ്റർ മാറി ഗോണ്ടാ ജില്ലയിലെ മഹേശ്‌പുരിൽ 3.72 ഹെക്ടർ വാങ്ങി ആഡംബരഹോട്ടൽ നിർമാണം തുടങ്ങി. കൈസർഗഞ്‌ജിലെ ബിജെപി എംപി കരൺഭൂഷൺ സിങ്, അയോധ്യ മുൻ മേയറും ബിജെപി നേതാവുമായ ഋഷികേശ്‌ ഉപാധ്യായ, അയോധ്യ സദറിലെ ബിജെപി എംഎൽഎ വേദ്‌പ്രകാശ്‌ ഗുപ്‌ത, മിൽക്കിപുരിലെ ബിജെപി മുൻ എംഎൽഎ ഗോരഖ്‌ നാഥ്‌ ബാബ, ഗോസായ്‌ഗഞ്‌ജിലെ ബിജെപി മുൻ എംഎൽഎ ഇന്ദ്രപ്രതാപ്‌ തിവാരി തുടങ്ങിയവർ സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ അയോധ്യയിൽ ഭൂമി സ്വന്തമാക്കി.​


മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയുള്ള ക്ഷേത്രട്രസ്‌റ്റിന്റെ അതിവേഗ ഭൂമി ഇടപാടുകളിൽ വലിയ തട്ടിപ്പുകളും ക്രമക്കേടുകളുമുണ്ടെന്ന ആരോപണങ്ങളുയർന്നു. രാമക്ഷേത്രനിർമാണ സ്ഥലത്തുനിന്ന്‌ 300 മീറ്റർമാത്രം അകലെ കോട്ട്‌ രാമചന്ദർ പ്രദേശത്തെ 890 ചതുരശ്ര മീറ്റർ ഭൂമി ട്രസ്റ്റ്‌ 2.5 കോടിക്ക്‌ വാങ്ങിയിരുന്നു. 2021 ഫെബ്രുവരിയിൽ വെറും 20 ലക്ഷം രൂപയ്‌ക്ക്‌ വാങ്ങിയതാണ്‌ മൂന്നുമാസത്തിനുള്ളിൽ ട്രസ്റ്റിന്‌ 2.5 കോടിക്ക്‌ വിറ്റത്‌.


ബിജെപി നേതാവ്‌ ഋഷികേശ്‌ ഉപാധ്യായയുടെ അനന്തരവൻ ദീപ്‌നാരായൺ ഉപാധ്യായയാണ്‌ ചുളുവിലയ്‌ക്ക്‌ വാങ്ങിയ ഭൂമി വൻതുകയ്‌ക്ക്‌ ട്രസ്‌റ്റിന്‌ കൈമാറിയത്‌. ഇ‍ൗ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വലിയ തർക്കമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പിടിച്ചെടുത്തതോ ഏറ്റെടുത്തതോ ആണെന്നും പൂർണ ഉടമസ്ഥാവകാശം വിട്ടുകിട്ടുന്നതുവരെ വിൽക്കാനോ കൈമാറാനോ കഴിയില്ലെന്നും അയോധ്യ സബ്‌രജിസ്‌ട്രാർ വാർത്താചാനലുകളോട്‌ വെളിപ്പെടുത്തി.​


2021 മാർച്ചിൽ നടന്ന ഭൂമി ഇടപാടും വൻവിവാദങ്ങൾക്ക്‌ ‍ഇടയാക്കി. 2021 മാർച്ച്‌ 18ന്‌ അയോധ്യയിലെ ഭൂ‍മിയുടെ വിൽപ്പനയ്‌ക്കായി രണ്ട്‌ രജിസ്‌ട്രേഷൻ രേഖയുണ്ടാക്കി. ആദ്യ രജിസ്‌ട്രേഷൻ പ്രകാരം കുസുംപാഠക്‌ എന്ന ഉടമസ്ഥനിൽനിന്ന്‌ രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ രണ്ട്‌ കോടിരൂപയ്‌ക്ക്‌ വാങ്ങി. അതേദിവസം, 10–15 മിനിറ്റിനുള്ളിൽ നടന്ന രണ്ടാമത്തെ രജിസ്‌ട്രേഷനിൽ ഇതേ ഭൂമി രവിമോഹൻ തിവാരിയും സുൽത്താൻ അൻസാരിയും രാമക്ഷേത്ര ട്രസ്‌റ്റിന്‌ 18.5 കോടിയ്‌ക്ക്‌ മറിച്ചുവിറ്റു.


15 മിനിറ്റിനുള്ളിൽ ഭൂമിവില രണ്ട്‌ കോടിയിൽനിന്ന്‌ 18.5 കോടിയായി. ഒറ്റദിവസം 15 മിനിറ്റിന്റെ ഇടവേളയിൽ ഭൂമിവില ഒന്പത്‌ മടങ്ങിലധികം കുതിച്ചുയർന്നതിനു പിന്നിലെ ‘മാജിക്‌’ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. രണ്ട്‌ രജിസ്‌ട്രേഷനിലും സാക്ഷികൾപോലും മാറിയിട്ടില്ല. ഭൂമിയുടെ വിപണിമൂല്യം, സ്ഥലത്തിന്റെ പ്രാധാന്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ്‌ വില നിശ്‌ചയിച്ചതെന്നും ഇടപാടുകൾ സുതാര്യമാണെന്നുമുള്ള അവകാശവാദവുമായി ട്രസ്റ്റ്‌ ഭാരവാഹികൾ രംഗത്തെത്തി.​


"രാമജന്മഭൂമിയിൽ നിങ്ങൾക്കും മണ്ണ്‌'​


രാമക്ഷേത്രനിർമാണം തുടങ്ങിയതോടെ അയോധ്യയിലെ മണ്ണിന്‌ വിലകുതിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്‌ ബിജെപി നേതാക്കളും റിയൽ എസ്‌റ്റേറ്റ്‌ കന്പനികളും ഭൂമി വാങ്ങിക്കൂട്ടിയത്‌. ചുളുവിലയ്‌ക്ക്‌ വാങ്ങിയ ഭൂമി ചിലർ വൻതുകയ്‌ക്ക്‌ ട്രസ്‌റ്റിന്‌ കൈമാറിയപ്പോൾ മറ്റുചിലർ റിയൽ എസ്‌റ്റേറ്റ്‌ കന്പനികൾക്കുവിറ്റ്‌ കോടികൾ സന്പാദിച്ചു.​


മഹാരാഷ്‌ട്രയിലെ ബിജെപി നേതാവും ഫഡ്‌നാവിസ്‌ മന്ത്രിസഭയിൽ നൈപുണ്യ വികസന മന്ത്രിയുമായ മംഗൾപ്രഭാത്‌ ലോധയുടെ മകൻ അഭിനന്ദൻ ലോധയുടെ ‘ഹ‍ൗസ്‌ ഓഫ്‌ അഭിനന്ദൻ ലോധ’ (എച്ച്‌ഒഎബിഎൽ) കന്പനി അയോധ്യയിൽ വൻതോതിൽ ഭ‍ൂ‍മി വാങ്ങിച്ച്‌ വലിയ ലാഭത്തിന്‌ മറിച്ചുവിൽക്കുന്നുണ്ട്‌. ‘രാമജന്മഭൂമിയിൽ നിങ്ങൾക്കും മണ്ണ്‌’, ‘സരയൂ നദിക്കരയിൽ സ്വന്തം മണ്ണ്‌’ എന്നിങ്ങനെ പരസ്യം നൽകിയാണ്‌ വിൽപ്പന. ‘1250 ചതുരശ്ര അടിക്ക്‌ 1.89 കോടി മാത്ര’ മെന്ന്‌ ഇവരുടെ വെബ്‌സൈറ്റിൽ പറയുന്നു. ‘എച്ച്‌ഒഎബിഎൽ’ ചതുരശ്രമീറ്ററിന്‌ 4183 രൂപയ്‌ക്ക്‌ വാങ്ങിയ ഭൂമി ഏഴുമാസത്തിനുശേഷം അമിതാഭ്‌ബച്ചന്‌ വിറ്റത്‌ ചതുരശ്ര മീറ്ററിന്‌ 82,776 രൂപയ്‌ക്ക്.​


അദാനി ഗ്രൂപ്പുമായും ബാബാ രാംദേവുമായും ശ്രീ ശ്രീ രവിശങ്കറുമായും ബന്ധപ്പെട്ട സ്ഥാപനങ്ങളും അയോധ്യയിൽ ഭൂമി വാങ്ങി. സരയൂനദിയുടെ തീരമേഖലയായ മജ്‌ഹാ ജംതാരയിലെ 1.4 ഹെക്ടർ അദാനി പ്രോപ്പർട്ടീസിന്റെ അനുബന്ധ കന്പനിയായ ‘ഹോം ക്വസ്റ്റ്‌ ഇൻഫ്രാസ്‌പേസ്‌’ സ്വന്തമാക്കി. ബിജെപി മുൻ എംഎൽഎ സി പി ശുക്ലയുമായി ബന്ധമുള്ള കന്പനിയിൽനിന്നാണ് വാങ്ങിയത്‌.


ഇതേ മേഖലയിലെ 5.31 ഹെക്ടർ വാങ്ങിച്ചത്‌ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട്‌ ഓഫ്‌ ലിവിങ്ങിന്റെ ഭാഗമായ വ്യക്തി വികാസ്‌ കേന്ദ്രയാണ്‌ (വിവികെ). മജ്‌ഹാ ജംതാരയിലെ മിക്ക മേഖലകളും സംസ്ഥാന സർക്കാർ നേരത്തേ സൈനിക ബഫർസോണുകളായി വിജ്ഞാപനം ചെയ്‌തവയാണ്‌. സൈന്യത്തിന്റെ പരിശീലനമുൾപ്പെടെ നടക്കുന്ന തന്ത്രപ്രധാന മേഖലയിലെ ഭൂമിയാണ്‌ അദാനിയും കൂട്ടരും സ്വന്തമാക്കിയതെന്നർഥം.


40,000 പേരെ ബാധിച്ചു; ആയിരങ്ങൾ തെരുവിലായി​


രാമക്ഷേത്രനിർമാണവും നഗരവികസനപദ്ധതികളും റിയൽ എസ്‌റ്റേറ്റ്‌ ഇടപാടുകളും പതിനായിരക്കണക്കിന്‌ ആളുകളുടെ വീടുകൾ നഷ്ടപ്പെടുന്നതിനും ഉപജീവനമാർഗം അടയുന്നതിനും കാരണമായി. നിർമാണപ്രവൃത്തികൾ നാലായിരത്തോളം വീടുകളെയും കടകളെയും നാൽപ്പതിനായിരത്തോളം ആളുകളെയും ബാധിച്ചു. തലമുറകളായി കച്ചവടം ചെയ്‌തും കൂലിപ്പണിയെടുത്തും കുടുംബം പുലർത്തിയിരുന്ന ആയിരങ്ങൾ തെരുവിലായി. വീടുകൾ നഷ്ടപ്പെട്ടവർക്ക്‌ പകരം വീട്‌ കെട്ടാനോ ഉപജീവനവഴി അടഞ്ഞവർക്ക്‌ ബദൽമാർഗം കണ്ടെത്തുന്നതിനോ നഷ്ടപരിഹാരം ലഭിച്ചില്ല.


കാണിക്കക്കൊള്ളയെക്കാൾ ഏറെ ഗുരുതര വിഷയം ഭൂമികൊള്ളയാണെന്ന്‌ നിലാഞ്‌ജൻ മുഖോപധ്യായ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ‘കോടികൾ വന്നേക്കാവുന്ന കാണിക്ക, സംഭാവന തട്ടിപ്പിനു പുറമേ ഏറെ ഗ‍ൗരവമായ വിഷയം അയോധ്യയിലെ ഭൂമി ഇടപാടുകളാണ്‌. യഥാർഥ വിലയെക്കാൾ ഉയർന്ന വിലയ്‌ക്ക്‌ ട്രസ്റ്റ്‌ ഭൂമി വാങ്ങിക്കൂട്ടുന്നു. ദുരൂ‍ഹ ഭൂമി ഇടപാടുകളിലൂടെ ചില ആളുകളും കന്പനികളും സഹസ്ര കോടികൾ കൊയ്യുന്നു. ആർഎസ്‌എസും വിഎച്ച്‌പിയും ഇ‍ൗ വിഷയം ചർച്ച ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നില്ല’– നിലാഞ്‌ജൻ മുഖോപദ്ധ്യായ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home