ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്
ഐഡിയൽ കടകശേരിക്ക് മധുരപ്പതിനെട്ട്

ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 18–ാം തവണയും ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ കടകശേരി ടീം
തേഞ്ഞിപ്പലം
മൂന്ന് ദിവസങ്ങളിലായി കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പതിനെട്ടാം തവണയും ഓവറോൾ ചാമ്പ്യൻമാരായി ഐഡിയൽ കടകശ്ശേരി. 55 സ്വർണവും 41 വെള്ളിയും 37 വെങ്കലവും അടക്കം 853.5 പോയിന്റുമായാണ് ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. 12 സ്വർണവും 16 വെള്ളിയും 15 വെങ്കലവും അടക്കം 292 പോയിന്റുമായി പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. 16 സ്വർണവും 15 വെള്ളിയും 12 വെങ്കലവും അടക്കം 284 പോയിന്റുമായി പുത്തനത്താണി റിയൽ റണ്ണേഴ്സ് മൂന്നാമതെത്തി. സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട് ( 177 പോയന്റ്), എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങൽപറമ്പ് (116 പോയിന്റ്) എന്നിവർ നാലും അഞ്ചും സ്ഥാനം നേടി. സമാപന ചടങ്ങിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ സമ്മാനദാനം നിർവഹിച്ചു. കിഡ്സ് അത്‌ലറ്റിക് ചെയർമാൻ കെ കെ രവീന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, അബ്ദുൽ കാദർ ബാപ്പു, ഷുക്കൂർ ഇല്ലത്ത്, സൈഫ് സായിദ്, അജയ്‌രാജ്, മുനീർ മേമന, പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ത്രോ ഇനങ്ങളിൽ അജയ്യരായി ആലത്തിയൂർ
തേഞ്ഞിപ്പലം
ത്രോ ഇനങ്ങളിൽ ആധിപത്യം നിലനിർത്തി ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ്. അണ്ടർ 18 ആൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ ആലത്തിയൂരിനാണ്. കെ പി മുഹമ്മദ് സമാൻ ഒന്നാം സ്ഥാനം നേടിയപ്പോൾ വി മുഹമ്മദ് ഫഹദ് മൂന്നാമതെത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ എൽന സാബു ഒന്നാം സ്ഥാനം നേടി. പി ടി അലീനക്കാണ് മൂന്നാം സ്ഥാനം. അണ്ടർ 14 വിഭാഗത്തിൽ വി പി അഭയ് കൃഷ്ണയും ഇതേ ഇനത്തിൽ ഒന്നാമതെത്തി. അണ്ടർ 16 വിഭാഗത്തിൽ ടി പി മുഹമ്മദ് സമാനാണ് ജേതാവ്. അണ്ടർ 16 ജാവലിൻ ത്രോയിൽ ശ്രീനന്ദ് എസ് നായർ വിജയിയായി. അണ്ടർ 18 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കെ പി അനീന നസീർ സ്കൂളിനായി ഒന്നാം സ്ഥാനം നേടിയതിന് പുറമെ ജാവലിൻ ത്രോയിൽ രണ്ടാമതുമെത്തി. അണ്ടർ 20 വിഭാഗത്തിൽ എം റിഥയും സ്വർണം നേടി. അണ്ടർ 18 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വി മുഹമ്മദ് ഫഹദ് ഒന്നാമനായി. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ എൽന സാബു മൂന്നാമതെത്തി. അണ്ടർ 16 ഷോട്ട്പുട്ടിൽ ടി പി മുഹമ്മദ് സമാന്റെ വെള്ളിയും സ്കൂളിന് നേട്ടമായി. അണ്ടർ 18 ഹാമർ ത്രോയിൽ അലീന അജയകുമാറും എം നന്ദനയും സി നഷ്യയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അണ്ടർ 18 ആൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്കൂളിന്റെ മുഹമ്മദ് സിനാൻമാർ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി മെഡൽ പട്ടികയെ മുന്നോട്ട് നയിച്ചു. അണ്ടർ 20 ഹാമർ ത്രോയിൽ എം റിഥയും കിഡ്സ് ജാവലിനിൽ മുവാദും ആലത്തിയൂരിനായി മെഡൽ നേടി.
ആശാന്റെ ശിഷ്യർ തന്നെ!
തേഞ്ഞിപ്പലം
അണ്ടർ 18 വനിത വിഭാഗം ഹാമർ ത്രോയിൽ മൂന്ന് സ്ഥാനങ്ങളും നേടി ആലത്തിയൂർ കെഎംഎച്ച്എസ്എസ്. മൂന്നുപേരും പരിശീലകൻ റിയാസ് ആലത്തിയൂരിന്റെ ശിഷ്യരും. 41.75 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തി പി ടി അലീന അജയകുമാർ സ്വർണമണിഞ്ഞു. ഇതേ സ്കൂളിലെ എം നന്ദനക്കാണ് രണ്ടാം സ്ഥാനം. 35.93 മീറ്ററാണ് എറിഞ്ഞത്. ഇതേ സ്കൂളിലെ തന്നെ സി നഷ്യാ മൂന്നാം സ്ഥാനവും നേടി (35.76 മീറ്റർ). ആദ്യ ജൂനിയർ മീറ്റിൽ തന്നെ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തിയ സന്തോഷത്തിലാണ് അലീന. ഈ മീറ്റിൽ തന്നെ ഡിസ്ക്കസ് ത്രോയിൽ വെങ്കലവും നേടിയിട്ടുണ്ട്. 2024ൽ സംസ്ഥാന സ്കൂൾ കായികമേളയിലെ ഹാമർ ത്രോയിൽ വെള്ളി നേടിയിരുന്നു. പ്ലസ് ടു വിദ്യാർഥിയാണ്. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ അലീന വോളിബോൾ പരിശീലകനായിരുന്ന പരേതനായ പറമ്പിൽ തൊടിയിൽ അജയ് കുമാറിന്റെയും സുനിതയുടെയും മകളാണ്. പത്താം ക്ലാസ് വിദ്യാർഥിയായ നന്ദനയും ജൂനിയർ മീറ്റിൽ പങ്കെടുക്കുന്നത് ആദ്യം. തിരൂർ അന്നാര മൈലാടിമ്മൽ ബാബുവിന്റെയും സുമിയുടെയും മകളാണ്. മൂന്നാം സ്ഥാനം നേടിയ നഷ്യയും ആദ്യ ജൂനിയർ മീറ്റിനെത്തിയാണ് വെങ്കലം നേടിയത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ഹാമർ ത്രോയിൽ വെള്ളി നേടിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥിയായ നഷ്യാ പുറത്തൂർ ചാണയിൽ നാസറിന്റെയും ഫൗസിയയുടെയും മകളാണ്.








0 comments