ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; 4 മരണം: നിരവധി പേരെ കാണാതായി

uttarakhand cloudburst
വെബ് ഡെസ്ക്

Published on Aug 05, 2025, 05:51 PM | 1 min read

ഡെറാഡൂൺ: ഉത്തരകാശിയിലെ ധാരാലി വില്ലേജിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഖീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു. 60ഓളം ആളുകളെ കാണാതായി. ധാരാലി ഗ്രാമത്തിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.


ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. മഴയോടൊപ്പം ഉണ്ടായ മേഘ വിസ്ഫോടനമാണ് വലിയൊരു മലവെള്ളപ്പാച്ചിലിനിടയാക്കിയത്. പലയിടങ്ങലിലും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.


മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന നദി ഗ്രാമത്തെ മുഴുവന്‍ ദുരന്തം വിതച്ചു. ഇരുനിലകെട്ടിടങ്ങലടക്കം തകര്‍ന്നു. നിരവധി പേരാണ് മലവെളളപ്പാച്ചിലില്‍പ്പെട്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണസേനയും പൊലീസും മറ്റ് സേനകളും എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



Related News


പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം നാല് മരണം സ്ഥിരീകരിച്ചതായി ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ മാധ്യമങ്ങളോട് പറഞ്ഞു. പത്തോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് സംശയം. ഹർസിലിൽ നിന്നുള്ള സൈനിക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുന്നു.


ഉത്തരാഖണ്ഡിലെ മാറ്റ്‌ലിയിലുള്ള 12-ാം ബറ്റാലിയനിൽ നിന്ന് 16 അംഗ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സംഘം ധരാലിയിൽ എത്തിയിട്ടുണ്ട്. 16 അംഗങ്ങളുള്ള മറ്റൊരു യൂണിറ്റിനോടും മേഘവിസ്ഫോടന സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, മറ്റ് അനുബന്ധ ടീമുകൾ എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി മുഖ്യമന്ത്രി പുഷ്കർ ധാമി എക്സിൽ കുറിച്ചു. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ എന്നിവ ഇവിടെയുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Home