സുഹൃത്തിനെ തടങ്കലിലാക്കി പീഡിപ്പിച്ചു; കൊൽക്കത്തയിലെ പ്രമുഖ ഇൻഫ്ലുവൻസർ 'നോൺസെയ്ൻ' അറസ്റ്റിൽ

കൊൽക്കത്ത: സുഹൃത്തിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയയിലെ പ്രമുഖ ഇൻഫ്ലുവൻസര്‍ അറസ്റ്റില്‍. 'നോൺസെയ്ൻ' എന്ന പേരിൽ പ്രശസ്തനായ ഷമിക് അധികാരിയെയാണ് ബെഹാല പൊലീസ് വ്യാഴാഴ്ച വൈകിട്ട് പിടികൂടിയത്. ഏകദേശം 20 മണിക്കൂറോളം തന്നെ വീട്ടുതടങ്കലിലാക്കി ഉപദ്രവിച്ചുവെന്ന 22കാരിയുടെ പരാതിയിലാണ് നടപടി.
ഫെബ്രുവരി രണ്ടാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം. സൗഹൃദത്തിന്റെ പേരിൽ ഷമിക്കിന്റെ വീട്ടിലെത്തിയ യുവതിയെ അന്ന് രാത്രി 9:30 മുതൽ പിറ്റേന്ന് വൈകുന്നേരം 5 മണി വരെ ഇയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നാണ് ആരോപണം. ഈ സമയത്തിനിടയിൽ തന്നെ ക്രൂരമായി മർദ്ദിച്ചതായും വസ്ത്രം വലിച്ചു കീറാനും മോശമായി സ്പർശിക്കാനും ശ്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. തർക്കത്തിനിടെ ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 127(2), 115(2), 74, 351(2) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർക്കാരിന്റെ വിമർശകൻ കൂടിയായ ഷമിക്കിന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും കൊൽക്കത്തയിൽ വഴിവെച്ചിട്ടുണ്ട്. കൃത്യമായ പരാതിയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.










0 comments