അസമിൽ പ്രഭാതസവാരിക്കിറങ്ങിയ 18 കാരിയെ തട്ടിക്കൊണ്ടുപോയി; ശേഷം റെയിൽവേ സ്റ്റേഷനിൽ ചാക്കിൽനിന്ന് കണ്ടെത്തി

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിൽ പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിനുള്ളിൽ നിന്നും രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ ദിബ്രുഗഡിലെ ശാന്തിപാര ഏരിയയിലുള്ള പിഎൻ റോഡിന് സമീപം പതിവ് പ്രഭാതസവാരി നടത്തുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിൽ വാഹനത്തിലെത്തിയ അജ്ഞാത സംഘം യുവതിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. യുവതിയെ പെട്ടെന്ന് കാണാതായത് കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തുകയും അവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
തിൻസൂകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയസ്പദമായ രീതിയിൽ ഒരു ചാക്ക് കിടക്കുന്നത് അവിടുത്തെ യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഇയാൾ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്നാണ് യുവതിയെ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും റെയിൽവേ സ്റ്റേഷനിലെയും മറ്റ് സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ദിബ്രുഗഡ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ഗൗരവ് അഭിജിത് ദിലീപ് വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.










0 comments