വൈറല്‍ പനി
5 മാസത്തില്‍ ചികിത്സതേടിയത് 1.73 ലക്ഷംപേര്‍

മലപ്പുറം
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴക്കാല രോഗങ്ങളും വ്യാപകമാവുകയാണ്. വൈറല്‍ പനി, തുമ്മല്‍, ചുമ, ടൈഫോയ്ഡ്, മലേറിയ (മലമ്പനി), ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, വയറിളക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവ കൂടുതല്‍ റിപ്പോര്‍ട്ട്ചെയ്യുന്നതും ഇക്കാലത്താണ്. രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് പ്രധാനം. ശുദ്ധജല ലഭ്യത, പരിസരശുചിത്വം, വ്യക്തിശുചിത്വം, കൊതുക് നിര്‍മാര്‍ജനം എന്നിവ ഉറപ്പുവരുത്തണം. പനിയെ സൂക്ഷിക്കണം പനി ഒരു രോഗലക്ഷണമാണ്. ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നതിനുമുമ്പുള്ള ശരീരത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അഞ്ചുമാസത്തിനിടെ പനിബാധിച്ച് 1,73,096 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജനുവരിമുതല്‍ മെയ് വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികളിലെത്തിയവരുടെ എണ്ണമാണിത്. 1064 പനിബാധിതര്‍ക്ക് കിടത്തിച്ചികിത്സയും നല്‍കി. ജനുവരിയില്‍ –44,043, ഫെബ്രുവരി –34,946, മാര്‍ച്ച് –33,401, ഏപ്രില്‍ –28,177, മെയ് –32,529 എന്നിങ്ങനെയാണ് പനി ബാധിച്ച് ഒപിയിലെത്തിയവരുടെ എണ്ണം. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 1,89,073 പേരാണ് പനിക്ക് ഒപിയിലെത്തി ചികിത്സതേടിയത്. 730 പേര്‍ കിടത്തിച്ചികിത്സയ്ക്കും വിധേയമായി. മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്നതാണ് വൈറല്‍ പനി. വായുവിലൂടെ പകരുന്നു. ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ മുഖ്യലക്ഷണങ്ങളാണ്. പനിബാധിച്ചാല്‍ സ്വയംചികിത്സ ഒഴിവാക്കുകയാണ് പ്രധാനം. ഓരോ പനിക്കും കാരണം വ്യത്യസ്തമാണ്. ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ചികിത്സ നടത്തുക. അല്ലെങ്കില്‍ ഗുരുതരമാകും. ഡയേറിയ കൂടുന്നു അഞ്ചുമാസത്തിനിടെ ജില്ലയില്‍ ഡയേറിയ (വയറിളക്കം) ബാധിച്ച് ഒപി ചികിത്സതേടിയത് 40,200 പേര്‍. ജനുവരിയില്‍ –8929, ഫെബ്രുവരി –7526, മാര്‍ച്ച് –8048, ഏപ്രില്‍ –7043, മെയ് –8654 എന്നിങ്ങനെയാണ് ചികിത്സതേടിയവരുടെ എണ്ണം. 451 പേര്‍ ഇക്കാലയളവില്‍ കിടത്തിച്ചികിത്സയ്ക്കും വിധേയമായി. മഞ്ചേരി കോളേജ് കുന്നില്‍ ഡയേറിയ ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗംപിടിപെടുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാല്‍ ഒഴിവാക്കാം. ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകള്‍, കരിക്ക്, കഞ്ഞിവെള്ളം തുടങ്ങിയവ കുടിക്കുന്നത് ക്ഷീണം അകറ്റും. ഭേദമായാല്‍ ലഘുവായ ഭക്ഷണം കഴിച്ചുതുടങ്ങുക. അകറ്റാം മഴക്കാലരോഗങ്ങളെ • കൈകൾ വൃത്തിയായി സൂക്ഷിക്കുക. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക • ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് പ്രധാനമാണ്. • വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക. നാരങ്ങ, സിട്രസ് അടങ്ങിയ പഴങ്ങൾ പോലുള്ളവ ഉപയോഗിക്കാം • കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കുറയ്ക്കുന്നതിനും എലിപ്പനിപോലുള്ള അണുബാധകൾ തടയുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കുക. വെള്ളംകെട്ടിനിൽക്കുന്നത് ഒഴിവാക്കുക. • ഫംഗസ് ക്രീമുകൾ ഉപയോഗിക്കുക • മഴയത്ത് പുറത്തിറങ്ങുമ്പോൾ ശ്വസിക്കാൻ കഴിയുന്നതും വെള്ളം കടക്കാത്തതുമായ വസ്ത്രങ്ങൾ ധരിക്കുക • വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള തെരുവുഭക്ഷണം ഒഴിവാക്കുക










0 comments