എസ്‌പി ഓഫീസ് പരിസരത്തെ മോഷണം
പിക്കപ് മധുക്കരയിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്
പാലക്കാട് എസ്‌പി ഓഫീസിനുസമീപം റോഡരികിൽനിന്ന് മോഷ്ടിച്ച പിക്കപ് വാൻ കോയമ്പത്തൂർ മധുക്കരയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കോട്ടയ്‌ക്ക് മുന്നിൽ ഇളനീർ വ്യാപാരം നടത്തുന്ന കൃഷ്ണന്റെ അശോക് ലൈലൻഡ് ദോസ്ത് പിക്കപ്പാണ് മോഷണംപോയത്. ഞായർ രാത്രി 8.30ന് എസ്‌പി ഓഫീസിന് സമീപം പാർക്കുചെയ്തശേഷം ഉടമ സമീപത്തെ കടയിൽ പോയി 10 മിനിറ്റ് കഴിഞ്ഞ് എത്തിയപ്പോൾ വാഹനം കണ്ടില്ല. താക്കോൽ വണ്ടിയിൽവച്ചാണ് കടയിലേക്ക് പോയത്. ഉടൻ സൗത്ത് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം മധുക്കര രത്നം കോളേജിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിക്കപ്പിന് കേടുപാടുകളോ തകരാറോ സംഭവിച്ചിട്ടില്ല. എന്നാൽ വണ്ടിയിലുണ്ടായിരുന്ന ഭൂരിഭാഗം ഇളനീരും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കൃഷ്ണൻ കടയിലേക്ക് കൊണ്ടുവന്ന 1000 ഇളനീരുകളിൽ 300 എണ്ണം ഇറക്കി. ബാക്കി 700 എണ്ണമുണ്ടായിരുന്നു. ഇതാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൗത്ത് പൊലീസ് പ്രതിക്കായി അന്വേഷണം തുടരുന്നു.









0 comments