അസമിൽ അനധികൃത നുഴഞ്ഞുകയറ്റ ശൃംഖല; നാല് ബംഗ്ലാദേശികൾ പിടിയിൽ

ഗുവാഹത്തി: അസമിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച നുഴഞ്ഞുകയറ്റ സംഘത്തെ പൊലീസ് പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് നാല് ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചത്.
അതിർത്തി കടക്കാൻ ഇവരെ സഹായിച്ച പ്രാദേശിക കണ്ണികളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടികൂടിയവരിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി ആളുകളെ എത്തിക്കുന്ന വലിയൊരു ശൃംഖല സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി പൊലീസ് സംശയിക്കുന്നു.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് അതിർത്തി കടക്കാൻ സഹായിക്കുന്ന ഏജന്റുമാരെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി അതിർത്തി ഗ്രാമങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ ബിഎസ്എഫിനും സംസ്ഥാന പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അസം അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു. മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.










0 comments