ad
Deshabhimani

അസം പ്രളയം: മരണം 47 ആയി; ഏഴ് ലക്ഷത്തിലധികം ആളുകളെ ബാധിച്ചു

asam
വെബ് ഡെസ്ക്

Published on Jul 24, 2026, 10:24 AM | 1 min read

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ. കഴിഞ്ഞ ദിവസത്തിനിടെ ആറുപേരുടെ മരണം കൂടി സ്ഥിരീകരിച്ചു. കാലവര്‍ഷം എത്തിയയുടനെ ദുരിതം വിതിച്ച ഈ വർഷത്തെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി ഉയർന്നു. ശിവസാഗറിൽ നാലും ചരായ്ഡിയോയിൽ രണ്ടുപേരുമാണ് ഒടുവിൽ മരിച്ചത്.


11 ജില്ലകൾ കെടുതിയിൽ


സംസ്ഥാനത്തെ 11 ജില്ലകളിലായി 7.21 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 37 റെവന്യൂ സർക്കിളുകളിലെ 883 ഗ്രാമങ്ങളെ പ്രളയം വിഴുങ്ങി. ശിവസാഗർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 3.75 ലക്ഷം ആളുകൾ ഇവിടെ പ്രളയക്കെടുതി നേരിടുന്നു. ചരായ്ഡിയോ (1.86 ലക്ഷം), ജോർഹാട്ട് (1.15 ലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് ജില്ലകൾ. ഗോലാഘട്ട്, ഹോജായ്, കാമരൂപ്, ദിബ്രൂഗഡ്, നാഗോൺ, കാമരൂപ് മെട്രോ, കർബി ആംഗ്ലോങ്, ടിൻസുകിയ എന്നിവയാണ് പ്രളയബാധിതമായ മറ്റ് ജില്ലകൾ. മലനിരകളോട് ചേര്‍ന്നുള്ള താഴ്വവര പ്രദേശങ്ങളിലാണ് ഏറ്റവും ദുരിതം.


ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തുറന്ന 103 ക്യാമ്പുകളിലായി 24,124 പേർ കഴിയുന്നുണ്ട്. കൂടാതെ 255 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 25,375 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലാണ്.


ദിബ്രൂഗഡിലെ ബുർഹിദിഹിംഗ്, ശിവസാഗറിലെ ദിഖൗ, ദേശാംഗ്, ഗോലാഘട്ടിലെ ധൻസിരി, ശ്രീഭൂമിയിലെ കുഷിയാര തുടങ്ങി നിരവധി പ്രധാന നദികൾ ഇപ്പോഴും അപകടരേഖയ്ക്ക് മുകളിലാണ് നിറഞ്ഞ് ഒഴുകുന്നത്. മഴ തുടരുന്നതിനാൽ വരും മണിക്കൂറുകളിൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതോടെ നിസഹായാവസ്ഥയിൽ കഴിയുന്ന ജനങ്ങൾ കൂടുതൽ ആശങ്കയിലായി. ഔദ്യോഗിക രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങൾക്ക് പുറത്താണ് മിക്ക ഉൾനാടൻ ഗ്രാമങ്ങളും. ജനങ്ങളുടെ തന്നെ കൂട്ടായ്മയിലാണ് ദുരന്ത ബാധിതര്‍ക്ക് സംരക്ഷണവും രക്ഷാ പ്രവര്‍ത്തനവും മുന്നോട്ട് നീങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home