കാസിരംഗയിൽ പിറന്നു, സുബീൻ ഗാർഗിന്റെ 'മായാബിനി'

ദിസ്പൂർ: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ജനിച്ച ആനക്കുട്ടിക്ക് ഗായകൻ സുബീൻ ഗാർഗിന്റെ ജനപ്രിയ ഗാനമായ 'മായാബിനി'യുടെ പേര് നൽകി വനം വകുപ്പ്. ദേശീയോദ്യാനത്തിലെ 'കുവാരി' എന്ന ആനയ്ക്കാണ് കുട്ടിയാന പിറന്നത്. പരിസ്ഥിതി വനം മന്ത്രി ചന്ദ്ര മോഹൻ പട്ടോവാരിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത്.
"ലോക മൃഗ ദിനത്തിൽ ഹൃദയസ്പർശിയായ വാർത്ത - കാസിരംഗ ദേശീയോദ്യാനത്തിലെ കുവാരി എന്ന ആന ആരോഗ്യമുള്ള ഒരു കുട്ടിയാനയ്ക്ക് ജന്മം നൽകി. കാട്ടിലെ പുതു ജീവന്റെയും പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രതീകമായി ഞങ്ങൾ അവൾക്ക് 'മായാബിനി' എന്ന് പേരിട്ടു. മന്ത്രി ചന്ദ്ര മോഹൻ പട്ടോവാരി ശനിയാഴ്ച എക്‌സിൽ കുറിച്ചു.
2001-ൽ പുറത്തിറങ്ങിയ അസാമീസ് ആൽബം ദാഗിലാണ് ആദ്യമായി 'മായാബിനി' പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007-ൽ പുറത്തിറങ്ങിയ സുബീൻ ഗാർഗിന്റെ ആൽബമായ ടുമിയിൽ ഇത് വീണ്ടും ഉൾപ്പെടുത്തിയിരുന്നു. താൻ മരിക്കുമ്പോൾ ആലപിക്കണമെന്ന് ഗാർഗ് ഒരിക്കൽ പറഞ്ഞിരുന്ന ഗാനമാണ് 'മായാബിനി രതിർ ബുക്കു'. അദ്ദേഹത്തിന്റെ അവസാന യാത്രയിലുടനീളം ആരാധകർ ആ ഗാനം ആലപിച്ചതോടെ അസമിൽ വീണ്ടും ആഴത്തിൽ വേരൂന്നിയ പാട്ടായി 'മായാബിനി' മാറി.
സെപ്തംബർ 19നാണ് സിംഗപ്പൂരിൽ വച്ച് സ്കൂബാ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് അന്തരിച്ചത്. മൂന്നുദിവസത്തെ നോർത്ത് ഇൗസ്റ്റ് മേളയ്‌ക്കായാണ് അസം സ്വദേശിയായ ഗായകൻ സിംഗപ്പൂരിലെത്തിയത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഗാർഗിന് സിപിആർ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു.
സ്കൂബ ഡൈവിങ്ങിനിടെ ഗാർഗിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ പ്രതിനിധി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗായകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് സഹ ഗായകനും രംഗത്തെത്തിയിരുന്നു.










0 comments