ആശമാരുടെ ഓണറേറിയം: കേരളം നൽകുന്നത് 7000; കേന്ദ്രത്തിന്റെ കണക്കിൽ 6000


സ്വന്തം ലേഖകൻ
Published on Mar 12, 2025, 12:16 AM | 1 min read
ന്യൂഡൽഹി : ആശ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടിൽനിന്ന് പ്രതിമാസം ഏഴായിരം രൂപയാണ് ഓണറേറിയം നൽകുന്നതെങ്കിലും കേന്ദ്രത്തിന്റെ കണക്കിൽ അത് ആറായിരം മാത്രം. രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേരള സർക്കാർ സ്വന്തം ഫണ്ടിൽനിന്ന് ആറായിരം രൂപയാണ് ആശ പ്രവർത്തകർക്ക് നൽകുന്നതെന്ന് ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവ് തെറ്റായ മറുപടി നൽകിയത്. എന്നാൽ ആശ പ്രവർത്തകർക്ക് കേന്ദ്രം നൽകുന്നത് രണ്ടായിരം രൂപ മാത്രമാണെന്ന് മന്ത്രി മറുപടിയിൽ സമ്മതിച്ചു.
വിവിധ സംസ്ഥാനങ്ങൾ ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയവും ഇൻസന്റീവും മന്ത്രി മറുപടിയിൽ വിശദീകരിച്ചു. സിക്കിം സമീപകാലത്ത് പതിനായിരം രൂപയായി ഓണറേറിയം ഉയർത്തിയതായി അറിയിച്ച മന്ത്രി എന്നാൽ അത് നൽകിത്തുടങ്ങിയോ എന്ന് വിശദമാക്കിയില്ല. വടക്കുകിഴക്കൻ സംസ്ഥാനമെന്നനിലയിൽ ദേശീയആരോഗ്യ മിഷനുവേണ്ടി ചെലവഴിക്കുന്ന തുകയിൽ 90 ശതമാനവും സിക്കിമിന് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്നുമുണ്ട്. കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം ചെലവിന്റെ 60 ശതമാനം മാത്രമാണ്.
കേരളത്തിൽ മുപ്പതിനായിരത്തോളം ‘ആശ’മാരുള്ളപ്പോൾ സിക്കിമിൽ ഇത് 656 മാത്രം.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ 4700 രൂപയും കർണാടകയിൽ 5000 രൂപയുമാണ് നൽകുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ 3500 രൂപയും മധ്യപ്രദേശിൽ നാലായിരം രൂപയും രാജസ്ഥാനിൽ 1650 രൂപയുമാണ് നൽകുന്നത്. കേരളത്തിൽ നിലവിൽ ഇൻസന്റീവുകൾ എല്ലാം അടക്കം 13000 രൂപവരെ ആശമാർക്ക് ലഭിക്കുന്നുണ്ട്.









0 comments