'യമുനയിൽ ബിജെപി വിഷം കലക്കി'; കെജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി

ന്യൂഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാർ യമുനാനദിയിൽ വിഷം കലർത്തിയെന്ന പ്രസ്താവനയിൽ അരവിന്ദ് കേജ്‌രിവാളിനെതിരെ ഹരിയാന കോടതി സമൻസ് അയച്ചു. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ കേജ്‌രിവാൾ ഹാജരാകണമെന്നാണ് നോട്ടീസ്. അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരും. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും കോടതി കെജ്‌രിവാളിന് നിർദേശം നൽകി.
ഡൽഹിയിലേക്ക് എത്തുന്ന യമുനാ വെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന എഎപിയുടെ ആരോപണം തെറ്റെന്ന് തെളിയിക്കാൻ യമുനയിലെ വെള്ളം കുടിച്ച് ഹരിയാന മുഖ്യമന്ത്രി നായിബ് സിങ് സെയ്‌നി. അങ്ങേയറ്റം മലിനമായ യമുനയിലേക്ക് ഇറങ്ങിയ സെയ്‌നി കൈകുമ്പിളിൽ കുറച്ച് വെള്ളമെടുത്ത് വായിലൊഴിച്ച് തുപ്പുന്ന വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.
അതേ സമയം ഹരിയാന മുഖ്യമന്ത്രി യമുനാ വെള്ളം കുടിച്ചില്ലെന്നും തുപ്പികളഞ്ഞെന്നും എഎപി ആരോപിച്ചു. താനടക്കം കുടിക്കുന്നത് യമുനയിലെ വെള്ളമാണെന്നും ഹരിയാന സർക്കാർ ഒരിക്കലും വിഷം കലർത്തില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. തോൽക്കുമെന്ന ഭീതിയിലാണ് എഎപിയെന്നും അതുകൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു.









0 comments