അരുണാചലിലും അശാന്തി 
പടർത്തി ബിജെപി

pasters funeral
avatar
അഖില ബാലകൃഷ്‌ണൻ

Published on Mar 09, 2025, 01:42 AM | 1 min read

ന്യൂഡൽഹി: അരുണാചൽപ്രദേശിൽ മതംമാറ്റനിരോധന നിയമം അടിച്ചേല്‍പ്പിക്കാനുള്ള മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നീക്കം വടക്കുകിഴക്കൻ മേഖലയിൽ വീണ്ടും അശാന്തി പടർത്തുന്നു. ജനകീയ പ്രതിഷേധമുയര്‍ന്നതോടെ നടപ്പാക്കാന്‍ കഴിയാതിരുന്ന 1978ലെ ‘മതസ്വാതന്ത്ര്യ നിയമം’ പൊടിതട്ടിയെടുക്കാനാണ് ശ്രമം.

അന്ന്‌ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ചട്ടം രൂപീകരിച്ചിരുന്നില്ല. 46 വർഷം പഴക്കമുള്ള നിയമം നടപ്പാക്കാനുള്ള നീക്കം ക്രൈസ്‌തവ സമൂഹത്തിനെതിരാണെന്നും മതവിഭാഗങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി ക്രൈസ്‌തവ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു–-ഗോത്ര സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്തുന്നു. ഫെബ്രുവരി 27ന്‌ അരുണാചൽ പ്രദേശിലെത്തിയ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ ഗോത്ര സംഘടനകളുമായി ചർച്ച നടത്തിയതിന്‌ പിന്നാലെയാണ്‌ നിയമത്തിനായി മുറവിളിയുയർന്നത്‌. അരുണാചലിൽ 2011ലെ സെൻസസ്‌ അനുസരിച്ച്‌ ആകെ ജനസംഖ്യയുടെ 30.26 ശതമാനവും ക്രൈസ്‌തവരാണ്‌.

ഹിന്ദുക്കൾ 29.04 ശതമാനവും ഗോത്രജനവിഭാഗം ഉൾപ്പെടുന്ന മറ്റു മതവിശ്വാസികൾ 26.2 ശതമാനവും ബുദ്ധമതവിശ്വാസികൾ 11.77 ശതമാനവുമാണ്‌. 1971ലെ സെൻസസിൽ ഹിന്ദു -22ശതമാനം, മറ്റു മതവിഭാഗം -63.5 ശതമാനം, ക്രിസ്‌ത്യൻ 0.79 ശതമാനം എന്നിങ്ങനെയായിരുന്നു. സംസ്ഥാനത്തെ ക്രൈസ്‌തവ ഭൂരിപക്ഷം വർധിച്ചതാണ്‌ ബിജെപിയെ ആശങ്കയിലാക്കിയതെന്ന്‌ അരുണാചൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്‌ തരഹ്‌ മിരി പറഞ്ഞു. ഗോത്രാചാരങ്ങളെ സനാധന ധർമത്തിന്റെയും ഹിന്ദുമതത്തിന്റെയും ഭാഗമായാണ്‌ ബിജെപി സർക്കാർ കാണുന്നത്. നിയമം നടപ്പിലാക്കിയാൽ അധികാരികൾ ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുണാചൽപ്രദേശിൽ 1978ലെ ആദ്യ ജനതാ സർക്കാരാണ് ‘മതസ്വാതന്ത്ര്യ നിയമം’ അവതരിപ്പിച്ചത്‌. മതംമാറ്റത്തിന്‌ പ്രേരിപ്പിക്കുന്നവർക്ക്‌ രണ്ട്‌ വർഷം തടവും 10,000രൂപ പിഴയുമാണ്‌ നിയമത്തിലെ വ്യവസ്ഥ.



deshabhimani section

Related News

View More
0 comments
Sort by

Home