ഫരീദാബാദിൽ അറസ്റ്റിലായ വനിത ഡോക്ടർ ഇന്ത്യയിൽ ജെയ്‌ഷെയുടെ വനിതാ വിഭാഗം സ്ഥാപിക്കാൻ ചുമതലപ്പെട്ടയാളെന്ന് റിപ്പോർട്ട്

ഡോ. ഷഹീൻ ഷാഹിദ്
ന്യൂഡൽഹി: ഫരീദാബാദിൽ കാറിൽ നിന്ന് വൻ തോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ വനിത ഡോക്ടർക്ക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് ഇന്ത്യയിൽ ജെയ്ഷെയുടെ വനിത വിങ് രൂപീകരിക്കാൻ ചുമതലപ്പെട്ടയാളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപകാലത്ത് ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും വേരുറപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ലഖ്‌നൗവിലെ ലാൽ ബാഗ് നിവാസിയാണ് ഷഹീൻ ഷാഹിദ്. ഫരീദാബാദിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ മൊഡ്യൂൾ തകർത്തതിനു ശേഷം ഷഹീന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്ന് എകെ 47 തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ ഫരീദാബാദ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഷഹീൻ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗനായുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ സംഘടന കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ജെയ്‌ഷെ മുഹമ്മദ് വീണ്ടും സജീവമാകുന്നതായും ആദ്യത്തെ വനിതാ വിഭാഗം രൂപീകരിച്ചതായും സംഘടന പ്രഖ്യാപിച്ചിരുന്നു.
സായുധ ദൗത്യങ്ങളിലോ യുദ്ധ ദൗത്യങ്ങളിലോ പങ്കെടുക്കുന്നതിൽ നിന്ന് സംഘടന നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നു. എന്നാൽ വനിതകളെയും സായുധ യുദ്ധത്തിൽ പങ്കാളികളാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് "ജമാഅത്ത്-ഉൽ-മോമിനാത്ത്" എന്ന വനിത വിഭാഗം രൂപീകരിച്ചത്. സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചതായി ദേശീയ മാധ്യമമായ എൻഡി ടിവി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകർത്തിരുന്നു. മസൂദ് അസദിന്റെ സഹോദരനുൾപ്പെടെ ജയ്ഷെയിലെ പ്രധാനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സാദിയ അസ്ഹറിന്റെ ഭർത്താവ് യൂസഫ് അസ്ഹർ കാണ്ഡഹാർ റാഞ്ചലിന്റെ പ്രധാന ആസൂത്രകനായിരുന്നു.









0 comments