ad
Deshabhimani

72കാരനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Kidnapped

AI Image

വെബ് ഡെസ്ക്

Published on May 14, 2026, 08:42 AM | 2 min read

ഡൽഹി: ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി പണംകവർന്ന സംഭവത്തിൽ സൈനികൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡൽഹിയിലെ സൈനിക് ഫാം പ്രദേശത്ത് താമസിക്കുന്ന 72കാരനെയാണ് ഇവർ കൊള്ളയടിച്ചത്.


വയോധികനെ മർദിക്കുകയും വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും രേഖകളും കൊള്ളയടിക്കുകയും ചെയ്ത പ്രതികൾ, അദ്ദേഹത്തിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി. തുടർന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാതെ വന്നതോടെ ഹരിയാനയിലെ ഡൽഹി-മുംബൈ ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.


ഹരിയാന സ്വദേശിയായ സുരേന്ദർ (31), ഡൽഹി കൽക്കാജി സ്വദേശി കൽപന കുമാരി (40), ഫത്തേഹാബാദ് സ്വദേശികളായ കുൽദീപ്, സുശീൽ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ സുരേന്ദർ സൈനികനാണ്. മഥുരയിലായിരുന്നു ഇയാൾക്ക് ജോലി ലഭിച്ചിരുന്നതെങ്കിലും അവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് വിവരം.


സംഭവം ഇങ്ങനെ:

കൽപന ആസൂത്രണം ചെയ്ത ഹണിട്രാപ്പിലൂടെയാണ് വയോധികൻ കുടുങ്ങിയത്. ഇവർ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു മെയ് രണ്ടിന് വൈകുന്നേരം സൈനിക് ഫാമിലെ വീട്ടിൽ തനിച്ചായിരുന്ന ഇദ്ദേഹത്തെ കാണാൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൽപന എത്തി. കൽപനയ്‌ക്കൊപ്പം അവരുടെ കൂട്ടാളികളും വീടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികനെ കീഴ്‌പ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ടേപ്പ് ഉപയോഗിച്ച് വായ മൂടിക്കെട്ടിയ ശേഷം അലമാരയിലുണ്ടായിരുന്ന 5 ലക്ഷം രൂപയും ഡ്രോയറിലുണ്ടായിരുന്ന 10,000 രൂപയും മൂന്ന് സ്വർണ മോതിരങ്ങളും പേഴ്സും കൈക്കലാക്കി. പേഴ്സിനുള്ളിൽ വയോധികന്റെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ് കാർഡ് എന്നിവയുണ്ടായിരുന്നു.


തുടർന്ന് വയോധികനെ അദ്ദേഹത്തിന്റെ തന്നെ കാറിൽ ഒന്നര മണിക്കൂറോളം മീററ്റ് ഭാഗത്തേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടയിൽ 50 ലക്ഷം രൂപ ആവശ്യപ്പെടുകയും, ഒരു അപകടം പറ്റിയെന്ന് പറഞ്ഞ് പരിചയക്കാരനിൽ നിന്ന് 15 ലക്ഷം രൂപ സംഘടിപ്പിക്കാൻ ഇദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ പണം കിട്ടാതെ വന്നതോടെ പ്രതികൾ ഇദ്ദേഹത്തെയും കാറിനെയും ഹരിയാനയിലെ ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.


വയോധികൻ സമീപത്തെ ധാബയിലെത്തി പൊലീസിനെ വിവരം അറിയിച്ചു. മെയ് മൂന്നിന് നെബ് സരായ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദനം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.


അന്വേഷണം:

36 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് കൽപനയെയും സുരേന്ദറിനെയും പൊലീസ് പിടികൂടി. ഇവരിൽ നിന്ന് നാല് ലക്ഷം രൂപയും ഇരയുടെ കാർഡുകൾ അടങ്ങിയ പേഴ്സും കണ്ടെടുത്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൽപനയും സുരേന്ദറും 2025 നവംബറിൽ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായവരാണെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇവരാണ് ചാർട്ടേഡ് അക്കൗണ്ടന്റിനെ ലക്ഷ്യം വെച്ച് ഗൂഢാലോചന നടത്തിയത്.


മെയ് 11ന് ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്ന് മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ബാക്കി തുകയും ആഭരണങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച എയർ ഗണ്ണും പൊലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ സംഘത്തെയും പിടികൂടിയതായും പ്രതികൾ മുൻപ് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home