കണ്ണട വെച്ച് സ്റ്റൈലൻ മാർച്ചുമായി കരസേനയുടെ 'കരുത്തന്മാർ'; സൈന്യത്തിന് കരുത്തായി ശ്വാനസേന

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന 78-ാമത് കരസേനാ ദിന പരേഡിൽ കാണികളുടെ മനം കവർന്ന് സൈന്യത്തിന്റെ ശ്വാനസേന. മുഖത്ത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സൺഗ്ലാസുകൾ ധരിച്ച് സൈനികർക്കൊപ്പം താളത്തിൽ ചുവടുവെച്ച നായ്ക്കൾ പരേഡിലെ പ്രധാന ആകർഷണമായി മാറി.
ഇന്ത്യൻ കരസേനയുടെ വിവിധ വിഭാഗങ്ങൾക്കൊപ്പം അച്ചടക്കത്തോടെ നീങ്ങിയ ഈ നാൽക്കാലി വീരന്മാർ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. കണ്ണുകളെ സംരക്ഷിക്കുന്നതിനും കാഴ്ചാ കൃത്യത ഉറപ്പാക്കുന്നതിനുമായാണ് ഇവയ്ക്ക് പ്രത്യേക ഗ്ലാസുകൾ നൽകിയിരിക്കുന്നത്.
വിവിധ രക്ഷാപ്രവർത്തനങ്ങളിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലും അതിവിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് പരേഡിൽ പങ്കെടുത്ത നായ്ക്കൾ. കരസേനാ ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിൽ അത്യാധുനിക ആയുധങ്ങളും ടാങ്കുകളും അണിനിരന്നതിനൊപ്പം സൈന്യത്തിലെ ഈ നിശബ്ദ പോരാളികളുടെ പ്രകടനം വേറിട്ട കാഴ്ചയായി.
സൈനികാഭ്യാസങ്ങളുടെ ഭാഗമായി നടന്ന മറ്റ് പരിപാടികളിലും ഇവയുടെ സാന്നിധ്യം കരുത്ത് തെളിയിക്കുന്നതായിരുന്നു. പ്രത്യേകതരത്തിൽ ചുവടുകൾ വച്ചുള്ള നായ്ക്കളുടെ 'മാർച്ചും' ജനശ്രദ്ധ നേടി.
സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് കുത്തനെയുള്ള ചരിവുകളിലൂടെയും ദുർഘടമായ പാതകളിലൂടെയും ഉയർന്ന മലനിരകളിലൂടെയും സഞ്ചരിക്കാൻ ശേഷിയുള്ള ഒരു റോബോട്ടിക് നായയും പരേഡിൽ അണിനിരന്നു.










0 comments