യാത്രാക്കൂലിയെച്ചൊല്ലി തര്‍ക്കം; ഊബര്‍ ഡ്രൈവര്‍ തല്ലി, കൈ പിടിച്ച് തിരിച്ചു; ദുരനുഭവം പങ്കുവെച്ച് യുവതി

image: screengrab
മുംബൈ : ഊബർ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി. മുംബൈ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് @theycallme_thematchagirl എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്.
യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കം യുവതിയെ മർദിക്കുന്നതിലേക്ക് വരെയെത്തിയെന്ന് ഇൻഫ്ലുവൻസറായ ശിവാനി പറഞ്ഞു. ഒരു ഊബർ യാത്രക്കിടെയാണ് ഇത് സംഭവിച്ചത്. 460 രൂപയായിരുന്നു ആദ്യം യാത്രയ്ക്ക് കണക്കാക്കിയിരുന്നത്. എന്നാൽ അവസാനം ആപ്പിൽ 501 രൂപയാണ് കാണിച്ചത്. അത് നൽകാനൊരുങ്ങിയപ്പോൾ അധികമായി 40 രൂപ കൂടി വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. അത് നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഊബർ ഡ്രൈവർ എന്റെ അരികിലേക്ക് നീങ്ങി വന്ന് എന്നെ ഭയപ്പെടുത്താൻ തുടങ്ങി. അയാളെ പിന്നിലേക്ക് തള്ളിമാറ്റിയതിന് ശേഷം അവിടെ നടന്നത് വെറുമൊരു വാക്കുതർക്കമായിരുന്നില്ല. അയാൾ എന്നെ തല്ലുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു, യുവതി വീഡിയോയിൽ പറയുന്നു.
തുടർന്ന് യുവതി ഓഫീസിലെ തന്റെ സഹപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. ആളുകളെത്തി സാഹചര്യം ശാന്തമാക്കാൻ ശ്രമിക്കുമ്പോഴും ഡ്രൈവർക്ക് യാതൊരു പശ്ചാത്താപവുമുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതിയുടെ അക്കൗണ്ട് ഊബർ ഡിസേബിൾ ചെയ്തതായും വീഡിയോയിൽ പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ഊബറും ക്ഷമാപണം നടത്തിയിട്ടുണ്ട്. യുവതിക്കുണ്ടായ ദുരനുഭവത്തില് ക്ഷമ ചോദിക്കുന്നുവെന്നും ഡ്രൈവർക്കെതിരെ കർഷന നടപടി സ്വീകരിക്കുമെന്നും ഊബർ അറിയിച്ചു.









0 comments