print edition വരൂ, ആരവല്ലി കുന്നുകള്‍ക്ക് കാവല്‍നില്‍ക്കാം


AKSHAY K P
Published on Dec 25, 2025, 12:26 AM | 1 min read
ന്യൂഡൽഹി
വായുമലിനീകരണത്തിൽ പൊറുതിമുട്ടുന്ന ഡൽഹി അടക്കമുള്ള നഗരങ്ങൾക്ക് ‘ശ്വാസകോശം' പോലെ പ്രവർത്തിക്കുന്ന ആരവല്ലി കുന്നുകള്‍ ഖനനമാഫിയക്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. സംരക്ഷിത വനമേഖലയായി പരിഗണിക്കപ്പെടുന്ന ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയതാണ് വന്‍പ്രതിഷേധത്തിന് വഴിവെച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ പുതിയ നിർവചനത്തിന് സുപ്രീംകോടതിയും അംഗീകാരം നൽകിയതോടെ ആരവല്ലിയുടെ ഏതാണ്ട് 90 ശതമാനവും സംരക്ഷണ പരിധിയിൽനിന്ന് പുറത്തായി.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മലനിരകൾ വ്യാപിച്ചുകിടക്കുന്നത്. രാജസ്ഥാനിലാണ് പ്രതിഷേധങ്ങൾ ഏറ്റവും ശക്തം. ജോധ്പുർ, ഉദയ്‌പുർ മേഖലകളിൽ കഴിഞ്ഞ ദിവസം പതിനായിരങ്ങൾ തെരുവിലിറങ്ങി. കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ 5,000ൽ അധികം ട്രാക്‌ടറുകളുമായി കർഷകർ തെരുവിലിറങ്ങി.
പുതിയ ഖനനപാട്ടം നല്‍കില്ലെന്ന് കേന്ദ്രം
പ്രതിഷേധം കടുത്തതോടെ ആരവല്ലി മേഖലയില്‍ പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് പൂർണമായി നിരോധിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ബന്ധിതമായി. പുതിയ കരിങ്കൽ ക്വാറികൾക്കോ മറ്റ് ഖനന പ്രവർത്തനങ്ങൾക്കോ ഇനി അനുമതി ലഭിക്കില്ല. എന്നാല്‍ നിലവില്‍ ഉള്ളവയ്ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. കുന്നുകളുടെ നിർവചനം' പൂർണമായും പഴയ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രം നിലപാട് തിരുത്താന്‍ തയാറായിട്ടില്ല.
തലതിരിഞ്ഞ നിര്‍വചനം
ഭൂനിരപ്പിൽനിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള ഭൂപ്രകൃതികളെ മാത്രമേ ഇനി ‘കുന്ന്' ആയി കണക്കാക്കൂ. 100 മീറ്ററിലധികം ഉയരമുള്ള രണ്ട് കുന്നുകൾ തമ്മിലുള്ള അകലം 500 മീറ്ററിൽ താഴെയാണെങ്കിൽ മാത്രമേ അവ ‘പർവതനിര'യായി പരിഗണിക്കു. ഈ ഉയരമോ ദൂരപരിധിയോ ഇല്ലാത്ത ചെറിയ കുന്നുകൾ, പാറക്കെട്ടുകൾ, മൺകൂനകൾ എന്നിവ ‘ആരവല്ലി'യുടെ ഭാഗമല്ലാതായി മാറും. നിർവചനം മാറുന്നതോടെ പല കുന്നുകളും സമതലങ്ങളാകും. ഇത് വൻകിട ക്വാറി ഉടമകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും നിയമതടസ്സമില്ലാതെ ഖനനവും നിർമാണവും നടത്താനാകും.
1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ആരവല്ലിയുടെ 90 ശതമാനവും കുറ്റിച്ചെടികൾ നിറഞ്ഞ ചെറിയ കുന്നിന്‍മേടുകളാണ്. ഈ മലനിരകളാണ് വടക്കുപടിഞ്ഞാറൻ ഇന്ത്യക്ക് ആവശ്യമായ ഭൂഗർഭജലം സംഭരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. താർ മരുഭൂമിയിലെ പൊടിക്കാറ്റിൽനിന്നും രാജ്യതലസ്ഥാന മേഖലയെ രക്ഷിക്കുന്നതും ആരവല്ലി മലനിരകളാണ്.











0 comments