അപ്പോളോ ടയേഴ്‌സ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി സ്പോൺസർ; 579 കോടിയുടെ കരാർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി ടൈറ്റിൽ സ്പോൺസറായി അപ്പോളോ ടയേഴ്സ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 പിൻവാങ്ങിയതോടെയാണ് അപ്പോളോ ടയേഴ്സ് പുതിയ ജേഴ്‌സി സ്പോൺസറായത്. കമ്പനിയുമായി കരാർ ഒപ്പുവച്ചതായി ബിസിസിഐ അറിയിച്ചു.
പുതിയ നിയമനിർമ്മാണ പ്രകാരം ഡ്രീം 11 ഉൾപ്പെടെയുള്ള റിയൽ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചിരുന്നു. തുടർന്നാണ് ബിസിസിഐ സ്പോൺസറെ ഉപേക്ഷിച്ചത്. നിലവിൽ ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ടൈറ്റിൽ സ്പോൺസറില്ലാതെയാണ് ഇന്ത്യൻ ടീം കളിക്കുന്നത്.
579 കോടിയ്ക്ക് മൂന്ന് വർഷത്തേക്കാണ് കരാർ. അതേ കാലയളവിൽ 358 കോടിയ്ക്കായിരുന്നു ഡ്രീം ഇലവണുമായി കരാർ ഒപ്പുവച്ചിരുന്നത്. വരുന്ന മൂന്ന് വർഷക്കാലത്ത് നടക്കുന്ന 121 ദ്വിരാഷ്ട്ര മത്സരങ്ങളിലും 21 ഐസിസി മത്സരങ്ങളിലും അപ്പോളോ ടൈറ്റിൽ സ്പോൺസറായിരിക്കും.
ഈ മാസം ആദ്യമാണ് ടൈറ്റിൽ സ്പോൺസറിനായി ബിസിസിഐ കരാറുകൾ ക്ഷണിച്ചത്. ചൂതാട്ടം, ക്രിപ്‌റ്റോകറൻസി, പുകയില, മദ്യം എന്നിവയിൽ ഇടപെടുന്ന കമ്പനികളെ ബോർഡ് ഈ പ്രക്രിയയിൽ നിന്ന് വിലക്കിയിരുന്നു. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയാണ് അപ്പോളോ.









0 comments