ഏത് അനിഷ്ട സംഭവത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രകോപനപരവും വിദ്വേഷപരവുമായ പരാമർശങ്ങൾക്കെതിരെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. പാക് നേതാക്കൾ വാക്കുകൾ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം വേദനാജനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്കും ബിലാവൽ ഭൂട്ടോ സർദാരിയുടെ ചില പരാമർശങ്ങൾക്കും ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണം.
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നേതൃത്വത്തിൽ നിന്ന് വിദ്വേഷകരമായ പരാമർശങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ കണ്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യാ വിരുദ്ധ വാചാടോപങ്ങൾ വീണ്ടും നടത്തുന്നത് പാകിസ്ഥാൻ നേതൃത്വത്തിന്റെ രീതിയാണ്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾക്ക് വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും- വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് ഭീഷണി നേരിടുകയാണെങ്കിൽ ഇസ്ലാമാബാദ് ലോകത്തിന്റെ പകുതിയും നശിപ്പിക്കും എന്നും മേഖലയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്നും യുഎസ് സന്ദർശന വേളയിൽ പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീർ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ന്യായീകരിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. പ്രസ്താവനകളെ നിരുത്തരവാദപരം എന്നും പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്.









0 comments