ജനാധിപത്യ വിരുദ്ധ നീക്കം: പ്രക്ഷോഭങ്ങൾ തകർക്കാന്‍ മാർഗരേഖ ഉണ്ടാക്കാന്‍ കേന്ദ്രം

amit shah
വെബ് ഡെസ്ക്

Published on Sep 16, 2025, 01:07 AM | 1 min read

ന്യ‍ൂഡൽഹി: രാജ്യത്തെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്‌ മാർഗരേഖയുണ്ടാക്കാനുള്ള നീക്കവുമായി മോദി സർക്കാർ. ഇതിനായി 1974 മുതലുള്ള സമരങ്ങളെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ നിർദേശിച്ചു. ‘നിക്ഷിപ്‌ത താല്‍‌പ്പര്യക്കാരുടെ ബഹുജന പ്രക്ഷോഭങ്ങൾ’ തടയുന്നതിനെന്ന പേരിലാണ്‌ ഷായുടെ തീരുമാനം. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പ്രത്യേകിച്ച്‌ 1974 കഴിഞ്ഞുള്ള പ്രതിഷേധങ്ങളെക്കുറിച്ച്‌ പഠിക്കാനാണ്‌ ബ്യ‍ൂറോ ഓഫ്‌ പൊലീസ്‌ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റിനോട്‌ (ബിപിആർഡി) നിർദേശിച്ചത്‌. പ്രക്ഷോഭത്തിന്റെ കാരണം, സാന്പത്തിക വശം, ഫലം, പിന്നിലുണ്ടായിരുന്നത്‌ ആരൊക്കെ എന്നിവയാണ്‌ പഠിക്കേണ്ടത്‌. ജൂലൈയിൽ ന്യ‍ൂഡൽഹിയിൽ നടന്ന ‘ദേശീയ സുരക്ഷ സ്‌ട്രാറ്റജീസ്‌ 2025’ സമ്മേളനത്തിലായിരുന്നു ഷായുടെ നിർദേശം.


സംസ്ഥാനങ്ങളിലെ പൊലീസ്‌ വകുപ്പുകളിൽനിന്ന്‌ പഴയ കേസ്‌ ഫയലുകളും അന്വേഷണ റിപ്പോർട്ടുകളും ശേഖരിക്കാനും തുടർനടപടികൾക്കുമായും ബിപിആർഡി പ്രത്യേക സംഘം രൂപീകരിച്ചു. എൻഫോഴ്‌സമെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇഡി) പോലെയുള്ള ഏജൻസികളെ സഹകരിപ്പിച്ച്‌ പ്രക്ഷോഭങ്ങളുടെ സാന്പത്തിക വശങ്ങളും അന്വേഷിക്കും. ഭീകര സംഘടനകളുടെ സാന്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിനായുള്ള മാർഗരേഖ തയാറാക്കാനും കേന്ദ്ര ഏജൻസികളോട്‌ നിർദേശിച്ചു. എൻഐഎ, ബിഎസ്‌എഫ്‌, നർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ(എൻസിബി) എന്നിവരോട്‌ പഞ്ചാബിലെ ഖാലിസ്ഥാൻ വാദികളെയും മറ്റ്‌ കുറ്റകൃത്യങ്ങളെയും നേരിടുന്നതിന്‌ പ്രേത്യേകം തയ്യാറെടുക്കാനും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home