ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോലും ക്രൂരത; രാജ്യത്ത് ക്രൈസ്തവ വേട്ട അതിഭീകരം; അമിത് ഷായ്ക്ക് കത്തയച്ച് യുസിഎഫ്

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ ആശങ്കരേഖപ്പെടുത്തി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം (യുസിഎഫ്). ക്രൈസ്‌തവരെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് യുസിഎഫ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക് കത്ത് നൽകി. ഡിസംബർ 24ന് ഛത്തീസ്‌ഗഡിൽ ഹിന്ദുത്വസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദ് ക്രൈസ്തവർക്കെതിരെയുള്ള വിദ്വേഷത്തിന്റെ ഭാഗമാണെന്നും അത് അടിയന്തരമായി റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
2024ൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതായത് ഒരു മാസം ശരാശരി 69.5 അക്രമങ്ങൾ. ഈ വർഷം, 2025ൽ നവംബർ വരെ 706 അക്രമങ്ങൾ രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടന്നു. മതപരിവർത്തനം ആരോപിച്ചാണ് ഭൂരിഭാഗം അക്രമങ്ങൾക്കും അരങ്ങേറുന്നതെന്ന് യുസിഎഫ് ചൂണ്ടിക്കാട്ടുന്നു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ക്രൈസ്തവർ ഏറ്റവുമധികം അക്രമത്തിനിരയാകുന്നത്. നവംബർ വരെ ഉത്തർപ്രദേശിൽ 184ഉം ഛത്തീസ്‌ഗഡിൽ 157ഉം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) പ്രസിദ്ധീകരിച്ച 'ക്രിമിനലൈസിംഗ് പ്രാക്ടീസ് ഓഫ് ഫെയ്ത്ത്' എന്ന റിപ്പോർട്ട് അനുസരിച്ച്, ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പൊലീസ് ഹിന്ദുത്വ ഗ്രൂപ്പുകളുമായി ഒത്തുകളിക്കുകയും കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുകയാണ്. പ്രാർത്ഥനായോഗങ്ങൾ അക്രമികൾ തടസ്സപ്പെടുത്തുന്നതും അവിടെ ഒത്തുകൂടുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ വിശ്വാസികൾക്കെതിരെ വ്യാജപരാതികൾ നൽകുന്ന രീതിയും നിലവിലുണ്ട്
മൃതദേഹം അടക്കം ചെയ്യുന്നതിൽ പോലും ക്രൈസ്തവർ കടുത്ത വിവേചനം നേരിടുകയാണ്. ഛത്തീസ്‌ഗഡ്, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ മാന്തിയെടുക്കുന്ന അത്യന്തം ക്രൂരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'ഘർ വാപസി' വിളികളോടും അക്രമങ്ങളോടും കൂടിയാണ് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ അരങ്ങേറുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് 2025ൽ ഇതുവരെ 23 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഛത്തീസ്‌ഗഡ് - 19, ജാർഖണ്ഡ് - 2, ഒഡീഷ - 1, പശ്ചിമ ബംഗാൾ - 1 എന്നിങ്ങനെയാണ് കണക്ക്. 2024ൽ ഇത്തരത്തിലുള്ള 40 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ വ്യാപക അക്രമങ്ങളാണ് സംഭവിക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിനെതിരെ പ്രതിഷേധിക്കുന്നതിനായി ഛത്തീസ്‌ഗഡിലെ ചില സംഘടനകൾ ഡിസംബർ 24ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തെ ഇത്തരത്തിൽ ലക്ഷ്യം വെക്കുന്നത് സാമൂഹിക സൗഹാർദ്ദത്തെ ഗുരുതരമായി ബാധിക്കുകയും സമൂഹത്തിൽ അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യും. തുടർച്ചയായ അക്രമങ്ങളും ശത്രുതയും ക്രൈസ്തവർക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. ഈ അന്തരീക്ഷം പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്രസർക്കാർ ഇടപെടണമെന്നും യുസിഎഫ് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.










0 comments