കൊൽക്കത്ത കോളേജിലെ കൂട്ടബലാത്സംഗം: തൃണമൂൽ വിദ്യാർഥി നേതാവിനെതിരെ വീണ്ടും പീഡന പരാതി

തൃണമൂൽ ഛാത്ര പരിഷത് നേതാവ് മനോജിത് മിശ്ര
കൊൽക്കത്ത: ദക്ഷിണ കൊൽക്കത്ത ലോ കോളേജിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗ ചെയ്ത കേസിലെ പ്രതി തൃണമൂൽ ഛാത്ര പരിഷത് നേതാവ് മനോജിത് മിശ്രയ്ക്കെതിരെ വീണ്ടും പീഡന പരാതി. മനോജിത് മിശ്ര ലൈംഗിക പീഡനാരോപിച്ച് കോളേജിലെ മാറ്റൊരു നിയമ വിദ്യാർഥിനിയാണ് പരാതി നൽകിയത്. രണ്ട് വർഷം മുമ്പ് കോളേജ് യാത്രയ്ക്കിടെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃണമൂൽ എംഎൽഎ അശോക് കുമാർ ദേബ് ഇടപെട്ട് പ്രതിയെ സംരക്ഷിച്ചുവെന്നും അതിജീവിത ആരോപിച്ചു.
പ്രതികളായ മനോജിത് മിശ്ര, പ്രതിം മുഖർജി, സെയ്‌ദ് അഹമ്മദ് എന്നിവർ കോളേജിലെ വിദ്യാർഥിനികളെ മുമ്പും ലൈംഗികമായി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോളേജിൽ കോളേജിൽ പ്രവേശനം നേടിയ ദിവസംതന്നെ പെൺകുട്ടിയെ മുഖ്യപ്രതി ലക്ഷ്യമിട്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതിക്രമത്തിന്റെ വീഡിയോ അക്രമികൾ പകർത്തി. പൊലീസ് അത് കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുമ്പുണ്ടായ സംഭവങ്ങളും മൊബൈൽ ഫോൺ കണ്ടെത്തുന്നതോടെ പുറത്തുവന്നേക്കാം. ഇരകളായവരെ വീഡിയോ കാട്ടി ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിനുള്ളിൽ വച്ചാണ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇരുപത്തിനാലുകാരിയായ വിദ്യാർഥി പരീക്ഷ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കാനായി കോളേജിൽ എത്തിയപ്പോൾ പ്രതികൾ ബലമായി സെക്യൂരിറ്റി റൂമിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മനോജിത് മിശ്ര യുവതിയെ ഉപദ്രവിച്ച സമയത്ത് മറ്റ് രണ്ട് വിദ്യാർഥികൾ റൂമിന് പുറത്ത് കാവൽ നിന്നെന്ന് യുവതി മൊഴിയിൽ പറഞ്ഞു. സെക്യൂരിറ്റിയും റൂമിന് പുറത്തുനിന്നുവെന്നും മൊഴിയിൽ അതിജീവിത പറഞ്ഞു.
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്ന് ആറ് മാസത്തിനുള്ളിലാണ് അടുത്ത കേസും റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശനം ഉന്നയിച്ച കൊൽക്കത്ത ഹൈക്കോടതി ഈ കേസ് സിബിഐക്ക് വിടുകയായിരുന്നു.








0 comments