ad
Deshabhimani

വീണ്ടും മരണം; ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 25 ആയി

Indore Contamination
വെബ് ഡെസ്ക്

Published on Jan 21, 2026, 04:13 PM | 1 min read

ഇൻഡോർ: മധ്യപ്രദേശിലെ ഇൻ‌ഡോറിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്‍ത മലിനമായ കുടിവെള്ളം കുടിച്ച് ഒരാൾ കൂടി മരിച്ചു. ഭാഗീരഥ്പുര സ്വദേശിയായ ഹേമന്ത് ഗെയ്ക്‌വാദ് (51) ആണ് ചൊവ്വ രാവിലെ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ആകെ മരണം 25 ആയി.


ഡിസംബർ 22നാണ് മലിനജലം കുടിച്ചതിനെത്തുടർന്ന് ഹേമന്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ജനുവരി ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഹേമന്ത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.


മലിന കുടിവെള്ളം കുടിച്ചവരിൽ ഒൻപത് പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ ഏഴുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ബിജെപി സർക്കാർ യഥാർഥ മരണസംഖ്യ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിൽ മലിനജലം മൂലം മരണം തുടരുന്നതിൽ മധ്യപ്രദേശ് ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നത് ആരാണെന്നും പരാതികൾ എവിടെ നൽകണമെന്നും കോടതി ചോദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായ ചീഫ് സെക്രട്ടറി അനുരാഗ് ജെയിനിന് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനായില്ല.


പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായി കക്കൂസ്‌ മാലിന്യം കുടിവെള്ളത്തിൽ കലർന്നതാണ്‌ ദുരന്തം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം. നർമദ നദിയിൽനിന്ന് മുൻസിപ്പൽ കോർപറേഷൻ പൈപ്പ് ലൈനിലൂടെ ഒരാഴ്ചയായി കിട്ടുന്നത് മോശം വെള്ളമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. പ്രതിഷേധമുയർന്നതോടെ മുൻസിപ്പൽ കോർപറേഷന്റെ സോണൽ ഓഫീസറെയും അസിസ്റ്റന്റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. ഇൻ-ചാർജ് സബ് എൻജിനിയറെ പിരിച്ചുവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home