മകളുടെ മുൻപിലിട്ട് ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

രമേഷ് ഭാര്യ ഹാസിനിക്കൊപ്പം, കൊലപാതകത്തിന് ശേഷം ആണ്‍സുഹൃത്തും കൂട്ടാളികള്‍ക്കുമൊപ്പം യുവതി പോകുന്നതിന്‍റെ സിസിടിവി ദൃശ്യം
ചിറ്റൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. രണ്ട് വർഷം മുമ്പാണ് ശാന്തിപുരം സ്വദേശിനിയായ 19 കാരി ഹാസിനിയെ രമേഷ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. ഹൊസൂരിലെ സ്വകാര്യ കമ്പനിയിലാണ് രമേഷിന് ജോലി. ഇവരുടെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ, ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധർ (20) എന്നയാളുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും ഒന്നിക്കുന്നതിനായി രമേഷിനെ വകവരുത്തുകയായിരുന്നു. ചൊവ്വാഴ്ച ഗുഡുപള്ളെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വരസ്വാമി ക്ഷേത്രം സന്ദർശിക്കാൻ എന്നുപറഞ്ഞാണ് ഹാസിനി രമേഷിനെ വീട്ടിൽ നിന്നും ഇറക്കിയത്. രമേഷിനെ നിർബന്ധിച്ചാണ് ഹാസിനി ക്ഷേത്രത്തിലേക്ക് പോകാൻ സമ്മതിപ്പിച്ചതെന്നും വിവരമുണ്ട്.
യാത്രയ്ക്കിടയിൽ ഹാസിനി തന്റെ ഫോണിലൂടെ യുഗന്ധറിന് ലൈവ് ലൊക്കേഷനും പങ്കുവെച്ചിരുന്നു. ഹിൽ റോഡിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപംവെച്ചാണ് പ്രതികൾ കൃത്യം നടപ്പാക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയപ്പോൾ ഹാസിനി മനഃപൂർവം തന്റെ ഹാൻഡ്ബാഗ് താഴെയിട്ടു. ഇത് എടുക്കാനായി രമേഷ് മോട്ടോർസൈക്കിൾ നിർത്തിയപ്പോൾ, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും രമേഷിനെ പിന്തുടർന്ന് വനത്തിനുള്ളിലേക്ക് ഓടിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മകളുടെ സാന്നിധ്യത്തിലായിരുന്നു പ്രതികൾ രമേഷിനെ കൊലപ്പെടുത്തിയത്.
സമയം ഏറെയായിട്ടും മകളും കുടുംബവും തിരികെ എത്താതായതോടെ ഹാസിനിയുടെ അമ്മ പോലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാസിനിയുടെ ക്രൂരകൃത്യം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ രമേഷ് ഭാര്യക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നത് കണ്ടെങ്കിലും പിന്നീട് ഹാസിനി ഭർത്താവിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം പോകുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. മൊബൈൽ ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ച പൊലീസ് രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഹാസിനിയെയും കാമുകനെയും മറ്റ് രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.











0 comments