തീച്ചൂളയായി ആന്ധ്രാപ്രദേശ്; താപനില 47 ഡിഗ്രിയിലേക്ക് ഉയർന്നേക്കും, തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
അമരാവതി: ഉത്തരേന്ത്യയ്ക്ക് പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം കടുക്കുന്നു. ആന്ധ്രാപ്രദേശിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ബുധനാഴ്ച സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം പൽനാട് ജില്ലയിലെ പിഡുഗുരാല്ലയിൽ 45.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
നെല്ലൂരിലെ ഗൂഡൂരിൽ 44.9 ഡിഗ്രിയും കൃഷ്ണ ജില്ലയിലെ കാങ്കിപാഡുവിൽ 44.5 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. സംസ്ഥാനത്തെ 23 ജില്ലകളിലായി 233 മണ്ഡലങ്ങളിൽ ഇതിനകം തന്നെ താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്.
പൽനാട്, നെല്ലൂർ, പ്രകാശം, കൃഷ്ണ, തിരുപ്പതി, നന്ദ്യാൽ എന്നീ ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ശ്രീകാകുളം, വിഴിയനഗരം, വിശാഖപട്ടണം, കാക്കിനാഡ, കിഴക്കൻ-പടിഞ്ഞാറൻ ഗോദാവരി ജില്ലകൾ, ഗുണ്ടൂർ, കൃഷ്ണ ഉൾപ്പെടെയുള്ള തീരദേശ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
നെല്ലൂർ, കുർണൂൽ, ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ 43 മുതൽ 44 ഡിഗ്രി വരെയും മറ്റ് ഉൾപ്രദേശങ്ങളിൽ 41 മുതൽ 43 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കും. സംസ്ഥാനത്തെ 71 മണ്ഡലങ്ങളിൽ തീവ്ര ഉഷ്ണതരംഗ സാഹചര്യവും 277 മണ്ഡലങ്ങളിൽ ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നുണ്ട്.
അടിയന്തര സാഹചര്യങ്ങളിലൊഴികെ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഹൃദ്രോഗവുമുള്ളവർ തുടങ്ങിയവർ വീടുകളിൽ തന്നെ തുടരണമെന്നും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
അതേസമയം, കർണാടകയ്ക്കും രായലസീമയ്ക്കും മുകളിലായി രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണം അടുത്ത 24 മണിക്കൂറിനുള്ളിൽ രായലസീമയിലും തെക്കൻ തീരദേശ ആന്ധ്രയിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നത് മാത്രമാണ് നിലവിലുള്ള ഏക ആശ്വാസം.










0 comments