കടലിനടിയിൽ ഇന്ത്യൻ പതാക സ്ഥാപിച്ചു; ഗിന്നസ് നേട്ടവുമായി ആൻഡമാൻ

ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ്, ലഫ്റ്റനന്റ് ഗവർണർ ഡി കെ ജോഷിക്ക് സർട്ടിഫിക്കറ്റ് കൈമാറുന്നു | Photo Credit: Screengrab via X/@PBSHABD
ന്യൂഡൽഹി : ലോകത്തിലാദ്യമായി കടലിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക അനാവരണം ചെയ്ത് ആൻഡമാൻ നിക്കോബാർ ഭരണകൂടം പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. മെയ് 2ന് ശനിയാഴ്ച രാധാനഗർ ബീച്ചിലാണ് ഈ ചരിത്രസംഭവം അരങ്ങേറിയത്.
ഏകദേശം 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാക സ്വരാജ് ദ്വീപിലെ (ഹാവ്‌ലോക്ക് ഐലൻഡ്) കടലിനടിയിൽ വളരെ പ്രയാസപ്പെട്ടാണ് സ്ഥാപിച്ചത്. വിവിധ ഏജൻസികളും പരിശീലനം ലഭിച്ച ഡൈവർമാരും ഈ ദൗത്യത്തിൽ പങ്കാളികളായി. ലഫ്റ്റനന്റ് ഗവർണർ ഡി കെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എച്ച് എസ് ധലിവാൾ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ആൻഡമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയിലെ ഉദ്യോഗസ്ഥരും വിവിധ ഡൈവിംഗ് സെന്ററുകളിൽ നിന്നുള്ള സ്കൂബ ഡൈവർമാരും ചേർന്നാണ് ഈ ഉദ്യമം നടപ്പിലാക്കിയത്. രാവിലെ 10.35ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ഡി കെ ജോഷിക്ക് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
മെയ് 3ന് ഞായറാഴ്ച സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റിൽ ഏറ്റവും ഉയരമുള്ള മനുഷ്യ ഗോപുരം നിർമിച്ച് മറ്റൊരു ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആൻഡമാൻ ഭരണകൂടം. ലഫ്റ്റനന്റ് ഗവർണറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. അഡ്വഞ്ചർ ടൂറിസം, മറൈൻ ആക്ടിവിറ്റികൾ, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റു പരിപാടികൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മാറുന്നതിന്റെ സൂചനയാണ് ഈ നേട്ടങ്ങൾ.










0 comments