80 കിലോ ഭാരമുള്ള ഡമ്മി കെട്ടിത്തൂക്കം; ട്വിഷ ശർമയുടെ മരണം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം

ട്വിഷ ശർമ
ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണം പുനരാവിഷ്കരിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. 80 കിലോ ഭാരമുള്ള ഡമ്മി കെട്ടിത്തൂക്കി ട്വിഷയെ തൂക്കുകയറിൽ നിന്ന് ഇറക്കിയതിനെയാണ് സംഘം പുനരാവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ട്വിഷയെ അവരുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തേക്ക് ഭർത്താവ് സമർത്ഥിനെയും ഭർതൃമാതാവ് ഗിരിബാലയെയും സിബിഐ കൊണ്ടുപോകുമെന്ന് എൻഡിടിവി റിപ്പോർട് ചെയ്തു.
താനാണ് ട്വിഷയെ തൂക്കുകയറിൽ നിന്ന് താഴെയിറക്കിയതെന്നും തന്റെ അമ്മ ഗിരിബാല സിംഗാണ് കഴുത്തിലെ കെട്ടഴിച്ചതെന്നും സമർത്ഥ് സിംഗ് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഡമ്മി പരീക്ഷണത്തിന് ഒരുങ്ങുന്നത്. സമർത്ഥിന്റെ മൊഴികൾ കുറ്റകൃത്യം നടന്ന സ്ഥലവുമായും സാഹചര്യങ്ങളുമായും ഒത്തുപോകുന്നുണ്ടോ എന്നും സംഘം വിലയിരുത്തും. കെട്ടിത്തൂക്കിയ ഡമ്മി താഴെയിറക്കി, താൻ എങ്ങനെയാണ് ട്വിഷയുടെ മൃതദേഹം താഴെയിറക്കിയതെന്ന് കാണിക്കാനും ആവശ്യപ്പെടുമെന്നാണ് റിപ്പോർട്.
ഡമ്മിയിലെ കെട്ടഴിച്ചുകൊണ്ട്, ട്വിഷയുടെ കഴുത്തിലെ കെട്ട് താൻ എങ്ങനെയാണ് അഴിച്ചതെന്ന് കാണിക്കാൻ ഭർതൃമാതാവ് ഗിരിബാല സിംഗിനോടും ആവശ്യപ്പെട്ടേയ്ക്കും. മെയ് 12 നാണ് ട്വിഷ ശർമയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ഒരു ബെൽറ്റ് ആണ് ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. വ്യാഴാഴ്ചയാണ് സിബിഐ ഗിരിബാല സിംഗിനെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തുടർന്ന് ഇരുവരുടെയും ജൂൺ 2 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
അഭിഭാഷകനായ സമർത്ഥുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ് അഞ്ച് മാസമാകുമ്പോഴായിരുന്നു ട്വിഷയുടെ മരണം. 2024ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷ സമർത്ഥിനെ പരിചയപ്പെടുന്നത്. തുടർന്ന് 2025 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് തങ്ങളുടെ മകളെ ശാരീരിക പീഡനമടക്കം വിവിധ തരത്തിലുള്ള ക്രൂരതകൾക്ക് ഇരയാക്കിയിരുന്നതായി ട്വിഷയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. താൻ ഈ സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ "കുടുങ്ങിപ്പോയതുപോലെ" അനുഭവപ്പെടുന്നുണ്ടെന്നും, ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷയും അമ്മ രേഖാ ശർമ്മയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളും അടക്കം പുറത്ത് വന്നിട്ടുണ്ട്.











0 comments