സ്കൂളുകൾക്ക് ബോംബ് ഭീഷണി, അമൃത്സറിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

അമൃത്സർ: സ്കൂളുകളുടെ ഇ മെയിൽ വിലാസത്തിൽ പരക്കെ ബോംബ് ഭീഷണി ലഭിച്ചതോടെ അമൃത്സർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ച ശേഷം തിരിച്ചയച്ചു.
ഭീഷണിക്ക് പിന്നാലെ എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടതോടെ മാതാപിതാക്കൾ പരിഭ്രാന്തരായി. കുട്ടികളെ തേടി വിദ്യാലയങ്ങളിലേക്ക് പ്രവഹിച്ചു.
നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും സ്കൂളുകൾക്ക് ഇമെയിൽ ലഭിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ പ്രസ്താവനയിൽ പറഞ്ഞു.
ഓരോ സ്കൂളിലും പരിശോധനകൾ നടക്കുന്നു. മെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ പോലീസ് അന്വേഷണം തുടങ്ങി.
നേരത്തെയും ഇതേ പോലെ ബോംബ് ഭീഷണി ഇമെയിൽ വഴി എത്തിയ സംഭവം ഉണ്ടായിരുന്നു. അന്ന് ഒരു പ്രാദേശിക ഡിഎവി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. എങ്കിലും വിദ്യാർഥിയും മാതാപിതാക്കളും രേഖാമൂലം ക്ഷമാപണം നൽകിയതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു.
ഈ വർഷം ഏപ്രിൽ മുതൽ ചെന്നൈ നഗരത്തിൽ മാത്രം 342 വ്യാജ ബോംബ് ഭീഷണികളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലും വിദ്യാലയങ്ങൾക്ക് ഭീഷണികൾ ലഭിക്കുന്നത് പതിവാകുകയാണ്. ബുധനാഴ്ച നഗരത്തിലെ മൂന്ന് പ്രമുഖ വിദ്യായങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. നേരത്തെ ഫോൺ വഴിയാണ് ഭീഷണികൾ അധികവും എത്തിയിരുന്നത്. ഇപ്പോൾ ഇ മെയിൽ വിലാസങ്ങളാണ് ദുരുപയോഗം ചെയ്യുന്നത്.










0 comments