ad
Deshabhimani

print edition സഭാധ്യക്ഷനെ കരുവാക്കി മോദിയുടെ നീക്കം

Amit Sha
avatar
സ്വന്തം ലേഖകൻ

Published on Aug 09, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ആഭ്യന്തരമന്ത്രി അമിത്‌ ഷായോട്‌ സഭയിലെത്താൻ രാജ്യസഭാധ്യക്ഷൻ സി പി രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള സംഘപരിവാർ ഉന്നതരുടെ നിർദ്ദേശപ്രകാരമെന്ന്‌ വിലയിരുത്തൽ. 2014ൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷം ഏതെങ്കിലുമൊരു കേന്ദ്രമന്ത്രിയോട്‌ സഭയിലെത്തണമെന്ന്‌ അധ്യക്ഷൻ നിർദേശിക്കുന്നത്‌ ഇതാദ്യമാണ്‌. പ്രതിപക്ഷ പാർടികളുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ്‌ സി പി രാധാകൃഷ്‌ണൻ ഇത്തരമൊരു ഇടപെടൽ നടത്തിയത്‌.


1998ൽ രാധാകൃഷ്‌ണൻ എംപിയായി ഡൽഹിയിലെത്തുമ്പോൾ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു നരേന്ദ്രമോദി. അക്കാലത്ത്‌ തുടങ്ങിയ അടുപ്പമാണ്‌ ഉപരാഷ്ട്രപതി സ്ഥാനത്ത്‌ എത്തിച്ചത്‌. മോദിയുടെ അനുമതിയില്ലാതെ അമിത്‌ ഷായോട്‌ സഭയിലേക്ക്‌ വരാൻ രാധാകൃഷ്‌ണൻ ആവശ്യപ്പെടില്ലെന്ന്‌ തീർച്ചയാണ്‌. സർക്കാരിൽ രണ്ടാമനായ ഷായുടെ നില അത്ര ഭദ്രമല്ലെന്ന സന്ദേശം കൂടിയാണ്‌ ഇ‍ൗ ഇടപെടൽ നൽകുന്നത്‌.


അടിച്ചമർത്താനുള്ള ശ്രമത്തെ തുടർന്നാണ്‌ ജന്തർമന്തർ പ്രക്ഷോഭത്തിന്‌ കൂടുതൽ ജനപിന്തുണ ലഭിച്ചതെന്ന്‌ സംഘപരിവാറിൽ ഒരു വിഭാഗത്തിന്‌ അഭിപ്രായമുണ്ട്‌. വിദ്യാഭ്യാസമന്ത്രിയുടെ രാജിയിലേക്ക്‌ എത്തിച്ചത്‌ പ്രക്ഷോഭത്തെ കൈകാര്യംചെയ്യുന്നതിൽ സംഭവിച്ച പാളിച്ചയാണെന്ന വിലയിരുത്തലുമുണ്ട്‌. വിദ്യാർഥികൾ പറയുന്നത്‌ കേൾക്കണമെന്നും സംവാദമാണ്‌ വേണ്ടതെന്നും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ പരസ്യമായി പറഞ്ഞു.


ഡൽഹി പൊലീസിന്റെ നടപടിയിൽ അമിത്‌ ഷായുടെ വിശദീകരണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. എന്നാൽ ഇരുസഭകളിലുമെത്താൻ മന്ത്രി തയ്യാറായില്ല. തുടർച്ചയായി സഭ സ്തംഭിക്കുന്നത്‌ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ്‌ മുതിർന്ന ബിജെപി നേതാക്കളായ രാജ്‌നാഥ്‌ സിങ്‌, നിതിൻ ഗഡ്‌കരി തുടങ്ങിയവർ. സഭാസ്‌തംഭനത്തിന്‌ ഉത്തരവാദി താനല്ലെന്ന്‌ ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ്‌ മോദി. ഇ‍ൗ സാഹചര്യത്തിലാണ്‌ സഭാധ്യക്ഷനെ ഉപയോഗിച്ചുള്ള കരുനീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home