print edition വ്യാപാര കരാർ ഇന്ത്യയെ വളർത്താനല്ല


സ്വന്തം ലേഖകൻ
Published on Mar 07, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ഇന്ത്യയുമായുള്ള സാമ്പത്തിക ഇടപാട്, വ്യാപാര കരാർ എന്നിവയിൽ അമേരിക്കയ്‌ക്ക് ആയിരിക്കും മുൻഗണനയെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്സഫർ ലാൻഡൗ. 20 വർഷം മുൻപ് ചൈനയുടെ കാര്യത്തിൽ സംഭവിച്ച പിഴവ് ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്നും ഇത് ഇന്ത്യ മനസിലാക്കമെന്നും യുഎസ് പ്രതിനിധി വ്യക്തമാക്കി. ഇൗ പിഴവിലൂടെ ചൈന വിപണികളിലെ സ്വാധീനം വർധിപ്പിച്ചെന്നും അതുവഴി യുഎസിനെ മറികടന്നു എന്നുമുള്ള നിരീക്ഷണത്തിലാണ് പ്രസ്‌താവന. ചൈനയെ പോലൊരു എതിരാളിയാവാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് അദ്ദേഹം പ്രസ്‌താവനയിലൂടെ വ്യക്തമാക്കുന്നത്.
സാമൂഹിക സേവനത്തിനോ, ദാനത്തിനോ ആയല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. എന്റെ രാജ്യത്തിന്റെ താത്‌പര്യം മുൻനിർത്തിയാണ്. യുഎസുമായുള്ള പങ്കാളിത്തം വർധിപ്പിക്കേണ്ടത് ഇന്ത്യയുടെയും താത്‌പര്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യ– യുഎസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു.
ഡൽഹയിൽ റെയ്‌സിന ഡയലോഗിൽ സംസാരിക്കവെയാണ് ക്രിസ്റ്റഫർ ലാൻഡൗ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെയുള്ള യുഎസ് ലക്ഷ്യം വ്യക്തമാക്കിയത്. ലാൻഡൗവിന്റെ ഭാഗത്തുനിന്ന് ഇന്ത്യയിൽ വച്ചുതന്നെ ഇത്തരത്തിലുള്ള ഒരു പ്രസ്‌താവനയുണ്ടായിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള മറുപടിയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ റെയ്‌സിന ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ താത്‌പര്യം സംരക്ഷിച്ചുകൊണ്ടുള്ള കരാറാണ് യുഎസുമായി തീരുമാനമായതെന്ന മോദി സർക്കാരിന്റെ ആവർത്തിച്ച വാദമാണ് യുഎസ് മന്ത്രിയുടെ വാക്കുകളിലൂടെ പൊളിയുന്നത്.










0 comments