അംബേദ്കർ ഭവൻ പൊളിച്ച സംഭവം: പൊലീസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ബോംബെ ഹൈക്കോടതി
മുംബൈ: മുംബൈയിലെ ദാദറിലെ ചരിത്രപ്രസിദ്ധമായ അംബേദ്കർ ഭവനും ബുദ്ധ ഭൂഷൺ പ്രിന്റിംഗ് പ്രസ്സും അർദ്ധരാത്രിയിൽ പൊളിച്ചുനീക്കിയ സംഭവത്തിൽ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. 1945ൽ ഡോ. ബി ആർ അംബേദ്കർ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഈ പൈതൃക സ്മാരകങ്ങൾ തകർക്കുമ്പോൾ പൊലീസ് നോക്കിനിന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമൽ ഖാട്ട എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016 ജൂൺ 25ന് പുലർച്ചെയാണ്, 400 മുതൽ 500 വരെ പേരടങ്ങുന്ന സംഘം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടം തകർത്തത്.
നിയമവിരുദ്ധമായ ഈ പൊളിക്കൽ തടയുന്നതിന് പകരം പരാതിയുമായി എത്തിയ അംബേദ്കറുടെ ചെറുമകൻ ആനന്ദ് അംബേദ്കറെ ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് പൊലീസ് കമീഷണർ സമർപ്പിച്ച സത്യവാങ്മൂലം ചിന്താശൂന്യമാണെന്ന് കോടതി വിശേഷിപ്പിച്ചു. അർദ്ധരാത്രിയിൽ പൊളിക്കൽ നടത്തുന്ന രീതി അഭൂതപൂർവമാണെന്നും കോടതി വ്യക്തമാക്കി. ഈ അക്രമത്തിലൂടെ ഡോ. അംബേദ്കർ ഉപയോഗിച്ചിരുന്ന പഴയ പ്രിന്റിംഗ് യന്ത്രങ്ങളും 1910 മുതൽ 1956 വരെയുള്ള അദ്ദേഹത്തിന്റെ അപൂർവ്വമായ കൈയെഴുത്തുപ്രതികളും ചരിത്രരേഖകളും നഷ്ടമായിരുന്നു.
സംഭവത്തിൽ മുംബൈ പൊലീസ് കമീഷണർ നേരിട്ട് ഇടപെട്ട് മറുപടി നൽകണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ആക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നോ എന്നും കമീഷണർ വ്യക്തമാക്കണം. കൂടാതെ, അർദ്ധരാത്രിയിൽ പൊളിക്കൽ നടത്താൻ അനുമതി നൽകിയിരുന്നോ എന്ന് വിശദീകരിക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനോടും (MCGM) കോടതി നിർദ്ദേശിച്ചു. കേസ് ജൂൺ 15-ന് കോടതി വീണ്ടും പരിഗണിക്കും.










0 comments