ad
Deshabhimani

ഒന്നാം സ്ഥാനം ലഭിച്ചിട്ടും സമ്മാനത്തുക നൽകിയില്ല, വിദ്യാര്‍ഥിനിയുടെ പരാതിയിൽ യുപി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

Allahabad high court.jpg
വെബ് ഡെസ്ക്

Published on Apr 20, 2026, 10:36 AM | 2 min read

ലഖ്നൗ: ജില്ലാതല പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും വാഗ്ദാനം ചെയ്ത സമ്മാനത്തുക നൽകിയില്ലെന്ന പരാതിയിൽ ഉത്തർപ്രദേശ് സർക്കാരിന് അലഹബാദ് ഹൈക്കോടതി നോട്ടീസ്. ദീക്ഷ മിശ്ര എന്ന വിദ്യാർത്ഥിനി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.


സംസ്ഥാന സാംസ്കാരിക വകുപ്പ് 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ വലിയ ആഘോഷത്തോടെ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച 'സേവാ പഖ്‌വാഡ-2025' പരിപാടിയുടെ ഭാഗമായാണ് മത്സരം നടന്നത്. സെപ്റ്റംബർ 29-ന് പ്രയാഗ്‌രാജിൽ നടന്ന ജില്ലാതല പെയിന്റിംഗ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ദീക്ഷ ഒന്നാം സ്ഥാനം നേടിയിരുന്നു.


ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 51,000 രൂപയായിരുന്നു സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതുവരെ തുക ലഭിക്കാത്തതിനെത്തുടർന്നാണ് വിദ്യാർത്ഥിനി കോടതിയെ സമീപിച്ചത്. ഒരു വിശദീകരണവും നൽകാതെ അധികാരികൾ ഒഴിഞ്ഞു മാറുകയായിരുന്നു. 2025 ഒക്ടോബർ 6-ന് നടന്ന ചടങ്ങിൽ ദീക്ഷയ്ക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയിരുന്നു. എന്നാൽ പ്രഖ്യാപിച്ച 51,000 രൂപയുടെ ചെക്ക് മാത്രം നൽകിയില്ല. ഇതിനുള്ള ഫണ്ട് നേരത്തെ നീക്കിവെച്ചിരുന്നതാണ്.


മന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല


സമ്മാനത്തുകയ്ക്കായി ആറുമാസത്തോളം ദീക്ഷ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. ജില്ലാ കളക്ടർക്കും സാംസ്കാരിക വകുപ്പിനും പരാതി നൽകി. സംസ്ഥാന സാംസ്കാരിക മന്ത്രി ജയവീർ സിംഗിന് ഇമെയിൽ അയച്ചെങ്കിലും ഫലമുണ്ടായില്ല.


സെപ്റ്റംബർ മാസം തന്നെ ഓരോ ജില്ലയ്ക്കും സമ്മാനത്തുക നൽകാനായി ഏകദേശം 2.49 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നതായി ദീക്ഷയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പണം അനുവദിച്ചിട്ടും വിദ്യാർത്ഥിനിക്ക് അത് നൽകാത്തതിലെ ദുരൂഹതയാണ് കോടതി പരിശോധിക്കുന്നത്.


പ്രയാഗ്‌രാജിലെ നൈനിയിലുള്ള 'ഹേംവതി നന്ദൻ ബഹുഗുണ ഗവൺമെന്റ് പിജി കോളേജിലെ' അവസാന വർഷ ബി.എ (BA) വിദ്യാർത്ഥിനിയാണ് 21-കാരിയായ ദീക്ഷ. ശങ്കർഗഡിൽ നിന്നുള്ള നിർമ്മൽ കുമാർ മിശ്ര എന്ന കർഷകന്റെ മകളാണ് ദീക്ഷ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.


ജസ്റ്റിസ് സരൾ ശ്രീവാസ്തവ, ജസ്റ്റിസ് ഗരിമ പ്രഷാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മറുപടി തേടാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു.

കേസ് അടുത്തതായി ഏപ്രിൽ 23-ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home