നടപടി നയതന്ത്രനിലപാടിന് സ്വീകാര്യത കിട്ടാത്തതിനാൽ
സർവകക്ഷി സംഘങ്ങളെ ലോക പര്യടനത്തിന് വിടാന്‍ കേന്ദ്രം ; യാത്ര ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ

ന്യൂഡൽഹി
‘ഓപ്പറേഷൻ സിന്ദൂറി’ന് മുമ്പും ശേഷവുമുള്ള സാഹചര്യം അറിയിക്കാന്‍ സർവകക്ഷി പാർലമെന്ററി സംഘങ്ങളെ വിവിധ ലോകരാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ കേന്ദ്രസർക്കാർ. ആറ് അംഗങ്ങളുള്ള എട്ട് സംഘം രൂപീകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് അയക്കും. മുതിർന്ന എംപിമാർക്കായിരിക്കും നേതൃത്വം.
അമേരിക്കയിലേക്കുള്ള സംഘത്തെ കോൺഗ്രസ് എംപി ശശി തരൂർ നയിക്കാൻ സാധ്യത. കോൺഗ്രസിന്റെ മനീഷ് തിവാരി, എഎപിയുടെ വിക്രംജിത് സിങ് സാഹ്‌നേയ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എൻസിപിയുടെ സുപ്രിയാ സുലേ, ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം) എംപി പ്രിയങ്കാ ചതുർവേദി തുടങ്ങിയവരെയും വിവിധ സംഘങ്ങളിൽ ഉൾപ്പെടുത്തിയേക്കും. 22ന് ശേഷം യുകെ, യുഎഇ സന്ദർശനത്തോടെ വിദേശപര്യടനങ്ങൾ തുടങ്ങും. കേന്ദ്രമന്ത്രി കിരൺ റിജിജു പര്യടനങ്ങൾ ഏകോപിപ്പിക്കും.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. എന്നാൽ, ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കാൻ സർവകക്ഷി സംഘങ്ങൾ സഹായകമാകുമെന്നാണ് കേന്ദ്രവിലയിരുത്തൽ. സമീപകാലത്ത് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും ശക്തമായി പിന്തുണയ്‌ക്കുന്ന ശശി തരൂരിന് നിർണായക ചുമതല നൽകുന്നത് വ്യക്തമായ രാഷ്ട്രീയസന്ദേശമാകുമെന്നും ബിജെപി കണക്കാക്കുന്നു. കേന്ദ്രസർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഗുലാംനബി ആസാദ്, മുൻ വിദേശകാര്യ മന്ത്രി സൽമാൻഖുർഷിദ് തുടങ്ങിയവരെയും മുൻ നയതന്ത്ര ഉദ്യോഗസ്ഥരെയും വിവിധ സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും.
നടപടി നയതന്ത്രനിലപാടിന് സ്വീകാര്യത കിട്ടാത്തതിനാൽ
‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള നയതന്ത്രനിലപാടുകൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടില്ലെന്ന തിരിച്ചറിവാണ് സർവകക്ഷി സംഘങ്ങളെ രൂപീകരിക്കുന്നതിന് പിന്നിൽ. ഇന്ത്യ–-പാക് വെടിനിർത്തൽ ധാരണ ആദ്യം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രതിരോധത്തിലാക്കിയിരുന്നു. വെടിനിർത്തൽ ധാരണയ്‌ക്ക് അമേരിക്ക മാധ്യസ്ഥ്യം വഹിച്ചെന്ന മുൻനിലപാട് ട്രംപ് മയപ്പെടുത്തിയെങ്കിലും അന്താരാഷ്ട്രതലത്തിൽ കേന്ദ്രസർക്കാരിനുണ്ടായ നാണക്കേട് മാറിയിട്ടില്ല. ഇന്ത്യയെയും പാകിസ്ഥാനെയും തുല്യമായി പരിഗണിക്കുന്നെന്നാണ് ട്രംപിന്റെ പ്രസ്താവനകളിലുള്ളത്. വെടിനിർത്തൽ ധാരണയ്‌ക്ക് പിന്നിലെ മൂന്നാംകക്ഷി ഇടപെടൽ ഉൾപ്പടെ ചർച്ച ചെയ്യാൻ പാർലമെന്റ് പ്രത്യേകസമ്മേളനം എത്രയും വേഗം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ഭീകരവാദത്തിന് എതിരായ നടപടികൾക്ക് പ്രതിപക്ഷ പാർടികൾ പൂർണപിന്തുണ നൽകിയെങ്കിലും ഓപ്പറേഷൻ സിന്ദൂറിന് ശേഷം സർക്കാർ ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങൾ ശേഷിക്കുന്നെന്നാണ് പൊതുനിലപാട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിവിധ പാർടികളിലെ എംപിമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ സർവകക്ഷി സംഘങ്ങൾ രൂപീകരിക്കുന്നത്.









0 comments