സർവകക്ഷി സംഘങ്ങൾ പര്യടനം തുടങ്ങി ; ഭീകരവാദത്തിന് എതിരെ പിന്തുണ ആർജിക്കൽ ലക്ഷ്യം

സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് അംഗമായ സർവകക്ഷി പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെടും മുമ്പ്

എം അഖിൽ
Published on May 22, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘങ്ങൾ പര്യടനം തുടങ്ങി. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് അംഗമായ സംഘം ജപ്പാനിലെത്തി. സിംഗപ്പുർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിക്കും. ഭീകരവാദത്തിന് എതിരെ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം നൽകുകയാണ് ദൗത്യത്തിന്റെ ഉദ്ദേശമെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന സംഘം ബുധനാഴ്‌ച രാത്രി 9.15ന് യുഎഇയിലേക്ക് തിരിച്ചു. മുസ്ലിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീർ അംഗമായ ഈ സംഘം കോംഗോ, സീയേറ ലിയോൺ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും. ഡിഎംകെ എംപി കനിമൊഴി നേതൃത്വം നൽകുന്ന റഷ്യയിലേക്കുള്ള സംഘം വ്യാഴം പുലർച്ചെ പോകും. വേനിയ, ഗ്രീസ്, ലത്തീവിയ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കും.
അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണ സ്ഥിരീകരിക്കാനുള്ള തെളിവുകളുമായാണ് സർവകക്ഷി സംഘങ്ങൾ യാത്ര തിരിച്ചിട്ടുള്ളത്.
സർവകക്ഷിസംഘങ്ങളിലെ അംഗങ്ങൾക്ക് വിദേശകാര്യമന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിരുന്നു. ആകെ 59 എംപിമാരും മുൻ വിദേശകാര്യമന്ത്രിമാരും മുൻ അംബാസഡർമാരും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഏഴ് സംഘങ്ങളിലായി 32 രാജ്യങ്ങൾ സന്ദർശിക്കുന്നത്.









0 comments