ബഹുദിന പണിമുടക്കിലേക്കും നീങ്ങും
print edition ലേബർ കോഡുകൾ പിൻവലിക്കണം ; ഫെബ്രുവരി 12ന് അഖിലേന്ത്യാ പണിമുടക്ക്

ന്യൂഡൽഹി
പുതുവർഷത്തിൽ രാജ്യം നീങ്ങുന്നത് മോദി സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും സമരച്ചൂടിലേക്ക്. തൊഴിലാളിദ്രോഹ ലേബർകോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12ന് അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ അട്ടിമറിയടക്കം ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പല മാർഗങ്ങളിലൂടെ കവരുന്നതിനെതിരെ കൂടിയാണ് പണിമുടക്ക്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കും വിത്ത്–വൈദ്യുതി ബില്ലുകൾക്കുമെതിരെ കർഷകസംഘടനകൾ സംയുക്ത കിസാൻമോർച്ചയുടെ ആഭിമുഖ്യത്തിൽ ജനുവരി 16ന് രാജ്യവ്യാപകമായി പ്രതിരോധദിനാചരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിയു പണിമുടക്ക് പ്രഖ്യാപനം.
സിഐടിയുവിനൊപ്പം എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, യുടിയുസി, സേവ, ടിയുസിസി, എഐസിസിടിയു, എൽപിഎഫ് എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുമാണ് പണിമുടക്കിന് ആഹ്വാനംചെയ്‍തത്. തൊഴിൽനിയമ അട്ടിമറിയിൽ കേന്ദ്ര ബിജെപി സർക്കാരിനൊപ്പംനിന്ന് തൊഴിലാളികളെ വഞ്ചിച്ച ബിഎംഎസ് പങ്കെടുക്കില്ല. ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും യോഗത്തിലാണ് പണിമുടക്ക് തീരുമാനം. ജനുവരി ഒമ്പതിന് ഡൽഹിയിൽ ചേരുന്ന ദേശീയ തൊഴിലാളി കൺവൻഷൻ ഒൗദ്യോഗിക അംഗീകാരം നൽകും. പണിമുടക്കിൽ പൂർണമായും പങ്കുചേരുമെന്ന് വൈദ്യുതി ജീവനക്കാരുടെയും എൻജിനീയർമാരുടെയും ദേശീയ ഏകോപന സമിതി അറിയിച്ചു.
ബഹുദിന പണിമുടക്കിലേക്കും നീങ്ങും
ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ലേബർ കോഡുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ മേഖലാതല ചെറുത്തുനിൽപ്പുകൾക്കുപുറമെ ബഹുദിന പണിമുടക്ക് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് ട്രേഡ് യൂണിയനുകൾ. പണിമുടക്കിന് ഒരുങ്ങാനും തീവ്രപോരാട്ടങ്ങൾക്ക് തയ്യാറെടുക്കാനും തൊഴിലാളികളോട് ആഹ്വാനംചെയ്‌തു. യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെ ബഹുജനങ്ങൾ തൊഴിലാളികൾക്ക് പിന്തുണയുമായി രംഗത്തുവരണമെന്നും പാർലമെന്റിൽ പ്രതിപക്ഷ പാർടികൾ വിഷയം ശക്തമായി ഉന്നയിക്കണമെന്നും യൂണിയനുകൾ അഭ്യർഥിച്ചു.
തന്ത്രപ്രധാനമായ ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം, തൊഴിലുറപ്പ് പദ്ധതിയുടെ അട്ടിമറി, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ അനുവദിക്കൽ, ഉന്നതവിദ്യാഭ്യാസ കമീഷൻ ബിൽ, വിത്ത് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിനാശകരമായ വായുമലിനീകരണം, ആരവലി കുന്നുകളിൽ വ്യാപക ഖനനം നടത്താനുള്ള നീക്കം എന്നിവയ്‌ക്കെതിരായ പ്രതിഷേധം കൂടിയായി പണിമുടക്ക് മാറും.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരായി പൊരുതുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ട്രേഡ്‌യൂണിയനുകൾ ഐക്യദാർഢ്യം അറിയിച്ചു. പണിമുടക്കിന് നിരുപാധിക പിന്തുണ അറിയിച്ച സംയുക്ത കിസാൻമോർച്ചയെ തൊഴിലാളി സംഘടനകൾ അഭിവാദ്യംചെയ്‌തു. ജനുവരി 16ന് കർഷകസംഘടനകൾ നടത്തുന്ന പ്രതിരോധസമരത്തിന് എല്ലാ പിന്തുണയും ട്രേഡ്‌യൂണിയനുകൾ ഉറപ്പുനൽകി.











0 comments