print edition തൊഴിലാളി–കർഷക ഐക്യദിനം ; ഐക്യം ഉൗട്ടിയുറപ്പിച്ച് പുതുപ്രക്ഷോഭത്തിലേക്ക്

ന്യൂഡൽഹി
മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12ന് രാജ്യം പണിമുടക്കിലേക്ക് നീങ്ങവെ ആദ്യ അഖിലേന്ത്യാ പണിമുടക്കിന്റെ ആവേശോജ്വല ഓർമപുതുക്കി തൊഴിലാളി–കർഷക–കർഷകത്തൊഴിലാളി ഐക്യദിനം ആചരിച്ചു.
സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ സംയുക്തമായാണ് ഐക്യദിനം ആചരിച്ചത്. 1982 ജനുവരി 19നാണ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുയർത്തി ട്രേഡ്‌യൂണിയനുകൾ ആദ്യ രാജ്യവ്യാപക പണിമുടക്ക് സംഘടിപ്പിച്ചത്. ഇതിന് പിന്തുണയുമായി കർഷകസംഘടനകളും കർഷകത്തൊഴിലാളി സംഘടനകളും രംഗത്തുവന്നു.
കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് സർക്കാരുകൾ പണിമുടക്ക് അട്ടിമറിക്കാൻ എല്ലാ ശ്രമവും നടത്തി. പൊലീസിനെയും മറ്റു സേനകളെയും രംഗത്തിറക്കി. യുപിയിൽ സഹോദരളായ ഭോലാ പസ്വാനും ലാൽ ചന്ദ് പസ്വാനും പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിൽ അൻജാൻ, നഗൂരൻ, ഗുണശേഖരൻ എന്നീ കർഷകത്തൊഴിലാളികളും രക്തസാക്ഷികളായി. വിവിധ സംസ്ഥാനങ്ങളിലായി 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
രാജ്യത്ത് തൊഴിലാളികളും കർഷകരും കർഷകതൊഴിലാളികളും കൈകോർത്തുള്ള ആദ്യ രാജ്യവ്യാപക പ്രക്ഷോഭമായിരുന്നു 1982 ജനുവരി 19. പിന്നീട് ഐതിഹാസിക കർഷകസമരത്തിന്റെ ഘട്ടത്തിൽ ട്രേഡ്‌യൂണിയനുകളുടെ പിന്തുണ നിർണായകമായി. ഇപ്പോൾ ലേബർ കോർഡുകൾക്കെതിരായി ട്രേഡ്‌യൂണിയൻ പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികൾക്ക് കർഷക–കർഷകത്തൊഴിലാളി സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.











0 comments