print edition അഖിലേന്ത്യ സർവീസ്: 2,834 ഒഴിവ് നികത്താതെ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണത്തിൽ സുപ്രധാനമായ അഖിലേന്ത്യ സർവീസുകളിൽ ഒഴിവുകൾ നികത്താതെ കേന്ദ്രസർക്കാർ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) എന്നിവയിലായി 2834 തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് രാജ്യസഭയെ അറിയിച്ചു.
ഐഎഎസിൽ 6,877 അനുവദിക്കപ്പെട്ട തസ്‍തികകളിൽ 1300 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഐപിഎസിൽ 5,099 തസ്‍തികകളിൽ 505, ഐഎഫ്എസിൽ 3,193ൽ 1029 ഉദ്യോഗസ്ഥരുടെയും കുറവുണ്ട്.
2025 ജനുവരി ഒന്നുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ ഐഎഎസിൽ 74 പേരുടെയും ഐപിഎസിൽ 22 പേരുടെയും ഐഎഫ്എസിൽ 29 ഉദ്യോഗസ്ഥരുടെയും കുറവുണ്ട്. മൂന്ന് സർവീസിലുമായി എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ല.
2020 മുതൽ 2024 വരെ നിയമിക്കപ്പെട്ടവരുടെ എണ്ണം മാത്രമാണ് കേന്ദ്രം നൽകിയത്. നിർണായക സർവീസുകളിൽ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താത്തത് ആശങ്കാജനകമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.









0 comments