ad
Deshabhimani

വർഗീയ വിദ്വേഷം പടർത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തുക: അഖിലേന്ത്യ കിസാൻ സഭ

AIKS.jpg
വെബ് ഡെസ്ക്

Published on Dec 24, 2025, 05:49 PM | 1 min read

ന്യൂ‍‍ഡൽഹി: വർഗീയ വിദ്വേഷം പടർത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് അഖിലേന്ത്യ കിസാൻ സഭ. പാലക്കാട് വാളയാറിൽ ഛത്തീസ്‌ഗഢിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി രാം നാരായൺ ബാഗേലിനെ മനുഷ്യത്വരഹിതമായി കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. അനധികൃത ‘ബംഗ്ലാദേശി’ എന്ന വ്യാജ ആരോപണം ഉയർത്തി ആക്രമണത്തിന് നേതൃത്വം നൽകിയത് ആർഎസ്എസ് - ബിജെപി ക്രിമിനലുകളാണെന്നത് വ്യക്തമാണ്.


രൂക്ഷമായ കാർഷിക പ്രതിസന്ധിയും തൊഴിൽ പ്രതിസന്ധിയും നിലനിൽക്കുന്ന ഛത്തീസ്‌ഗഢിലെ ബിജെപി സർക്കാരിൻ്റെ പരാജയം കാരണമാണ് രാം നാരായൺ ബാഗെൽ കുടിയേറാൻ നിർബന്ധിതനായത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രതികളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി. ഈ സാഹചര്യത്തില്‍ രാം നാരായൺ ഭാഗേലിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐകെഎസ് ആവശ്യപ്പെട്ടു.


ആക്രമണത്തിന് അറസ്റ്റിലായവർ ഭാരതീയ ജനതാ പാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെയും പ്രവർത്തകരും അനുഭാവികളുമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇവർ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തി. ഇവർക്കെതിരെ വധശ്രമമുൾപ്പെടെയുള്ള കേസുകളുണ്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഴിച്ചുവിട്ട വിദ്വേഷ പ്രചാരണമാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കാരണം. ആൾക്കൂട്ടക്കൊലപാതകത്തിനെതിരെ ശക്തമായ ശിക്ഷാനടപടികളും ഇരകളുടെ കുടുംബങ്ങൾക്ക് ഭരണകൂട പിന്തുണ നൽകുന്ന നിയമം വേണമെന്ന ആവശ്യം സംഘടന ഉന്നയിച്ചു.


ഇന്ത്യയിലുടനീളം ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ദേശീയ ഐക്യത്തിന് കോട്ടം തട്ടുന്ന വിധത്തിലാണ്. സംഘപരിവാറും ബിജെപിയും നയിക്കുന്ന വിദ്വേഷ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെ രാജ്യമെമ്പാടുമുള്ള എല്ലാ ബഹുജന വർഗ രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്ന് എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണനും പ്രസിഡൻ്റ് അശോക് ധവാളെയും പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home