ad
Deshabhimani

ഫെബ്രുവരി 12ലെ പണിമുടക്ക്‌ താക്കീതാകും

print edition ലേബർ കോഡുകളുടെ മുഖ്യലക്ഷ്യം സ്ഥിരംതൊഴിൽ ഇല്ലാതാക്കൽ

all india strike
വെബ് ഡെസ്ക്

Published on Jan 23, 2026, 04:32 AM | 1 min read


ന്യൂഡൽഹി

തൊഴിലാളിവിരുദ്ധ ലേബർ കോഡുകളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്‌ ഫെബ്രുവരി 12ലെ പണിമുടക്കിലൂടെ ശക്തമായ താക്കീത്‌ നൽകാൻ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ. രാജ്യവ്യാപക പണിമുടക്കിനുശേഷവും സർക്കാർ നിലപാട്‌ മാറ്റത്തിന്‌ ഒരുക്കമല്ലെങ്കിൽ ബഹുദിന പണിമുടക്കിലേക്ക്‌ അടക്കം ട്രേഡ്‌യൂണിയനുകൾ നീങ്ങും. സംഘപരിവാർ ട്രേഡ്‌ യൂണിയനായ ബിഎംഎസ്‌ ഒഴികെ മറ്റെല്ലാ യൂണിയനുകളും ഫെബ്രുവരി 12ലെ പണിമുടക്കിലേക്ക്‌ ഐക്യത്തോടെ നീങ്ങുകയാണ്‌.


പണിമുടക്കിന്റെ ഒരുക്കങ്ങൾ രാജ്യവ്യാപകമായി പുരോഗമിക്കുകയാണ്‌. പല സംസ്ഥാനങ്ങളിലും പ്രചാരണപ്രവർത്തനങ്ങൾ സജീവം. ആന്ധ്രപ്രദേശിൽ നാലുദിവസത്തെ സംക്രാന്തി ആഘോഷത്തിന്റെ ആദ്യ ദിനമായ ഭോഗി ഉത്സവ ദിനത്തിൽ സംസ്ഥാന വ്യാപകമായി തൊഴിലാളികളും ജീവനക്കാരും ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ച്‌ പ്രതിഷേധിച്ചു.


ലേബർ കോഡുകളുടെ ദോഷവശങ്ങളിലേക്ക്‌ കടന്നുള്ള പ്രചാരണപ്രവർത്തനങ്ങൾക്കാണ്‌ ഉ‍ൗന്നൽ. ലേബർ കോഡുകളിലൂടെ പ്രധാനമായും നാല്‌ ലക്ഷ്യമാണ്‌ കേന്ദ്ര ബിജെപി സർക്കാരിനും അവരെ പിന്തുണയ്‌ക്കുന്ന വൻകിട കോർപ്പറേറ്റുകൾക്കുമുള്ളതെന്ന്‌ ട്രേഡ്‌യൂണിയുകൾ ചൂണ്ടിക്കാട്ടുന്നു. ഒന്ന്‌, സ്ഥിരം തൊഴിൽ സങ്കൽപ്പംതന്നെ ഇല്ലാതാക്കുക. രണ്ട്‌, തൊഴിൽ സമയം വർധിപ്പിച്ചും വേതനം വെട്ടിക്കുറച്ചും തൊഴിൽ ചൂഷണം തീവ്രമാക്കുക. മൂന്ന്‌, തൊഴിലാളികളുടെ സംഘടിക്കാനും മെച്ചപ്പെട്ട തൊഴിൽ– വേതന സാഹചര്യങ്ങൾക്കായി സംഘടിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുക, നാല്‌, തൊഴിലാളികളെ തോന്നുംപോലെ പിരിച്ചുവിടുന്നതിനും സ്ഥാപനം അടച്ചുപൂട്ടുന്നതിനും തൊഴിലുടമയ്‌ക്ക്‌ നിയമപരമായ അധികാരം നൽകുക.


നിലവിൽതന്നെ സംഘടിത മേഖലയിൽ 10 ശതമാനം തൊഴിലാളികൾ മാത്രമാണുള്ളത്‌. 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിൽ സ്വയം തൊഴിലിലും മറ്റും ഏർപ്പെടുന്നവരാണ്‌. ലേബർ കോഡുകൾ നടപ്പാകുന്നതോടെ സംഘടിത തൊഴിലാളികളുടെ എണ്ണം കൂടുതൽ ചുരുങ്ങും. വേതനച്ചെലവ്‌ അടക്കം ചുരുങ്ങുന്നതോടെ വൻകിട കോർപ്പറേറ്റുകളുടെ കൊള്ളലാഭം കൂടുതലുയരും. ഇ‍ൗ ദോഷവശങ്ങളെല്ലാം ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പ്രവർത്തനങ്ങളിലൂടെ പണിമുടക്കിലേക്ക്‌ നീങ്ങാനാണ്‌ ട്രേഡ്‌ യൂണിയനുകളുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home